പരിക്ക് മൂലം ഒരു വർഷത്തോളം അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിട്ടുനിന്ന ഇന്ത്യയുടെ പേസർ മുഹമ്മദ് ഷമി വീണ്ടും കളത്തിലേക്ക്. നവംബർ 13 ന് ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തിനുള്ള ബംഗാൾ ടീമിൽ താരത്തെ ഉൾപ്പെടുത്തി. ഇൻഡോറിൽ മധ്യപ്രദേശിനെതിരായാണ് ബംഗാളിന്റെ ആദ്യ മത്സരം. കഴിഞ്ഞ വർഷം ഓസ്‌ട്രേലിയക്കെതിരായ ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം ഷമി ക്രിക്കറ്റ് കളിച്ചിട്ടില്ല. പരിക്കുമായാണ് ലോകകപ്പിൽ കളിച്ചത്.
നവംബർ 22 ന് പെർത്തിൽ ആരംഭിക്കുന്ന ബോർഡർ-ഗവാസ്കർ ട്രോഫിക്ക് മുന്നോടിയായി ഷമി ഫിറ്റ്നസ് വീണ്ടെടുക്കുമെന്ന് കരുതിയിരുന്നെങ്കിലും ഇതുണ്ടായില്ല. ഇതോടെ താരത്തെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഉൾപ്പെടുത്തിയില്ല. ടീം സെലക്ഷനുമുൻപ് രഞ്ജിയിൽ ബംഗാളിനായി ഒന്നോ രണ്ടോ മത്സരങ്ങൾ കളിക്കുമെന്ന് ഷമി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ പരിക്ക് ഭേദമാകാത്തതിനാൽ ഇതിന് അവസരമുണ്ടായില്ല. രഞ്ജിയുടെ രണ്ടാം ഘട്ട മത്സരങ്ങൾക്കാണ് താരമിപ്പോൾ സജ്ജനായിരിക്കുന്നത്.
കണങ്കാലിന് പരിക്കേറ്റ ഷമി ഈ വർഷം മാർച്ചിൽ വലതുകാലിൽ ശസത്രക്രിയ നടത്തിയിരുന്നു. തുടർന്ന് കഴിഞ്ഞ ആറ് മാസക്കാലം ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലാണ് താരം ചെലവഴിച്ചത്. അവസാനമായി കളിച്ച ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമായിരുന്നു ഷമി. 7 മത്സരങ്ങളിൽ നിന്ന് 10.7 ശരാശരിയിൽ 24 വിക്കറ്റുകളാണ് താരം നേടിയത്.