ബീജിങ്: 24 മണിക്കൂറിനിടെ ആറ് സൗന്ദര്യവർദ്ധക ശസ്ത്രക്രിയകൾക്ക് നടത്തിയ ചൈനീസ് യുവതിക്ക് ദാരുണാന്ത്യം. ചൈനയിലെ ഗ്വാങ്‌സി പ്രവിശ്യയിലുള്ള ലിയു എന്ന യുവതിക്കാണ് ശസ്ത്രക്രിയകൾക്ക് പിന്നാലെ ജീവൻ നഷ്ടമായത്. ക്ലിനിക്കിന്റെ അശ്രദ്ധയും ശരിയായ പരിചരണം ലഭിക്കാത്തതുമാണ് യുവതിയുടെ മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. 2020 ൽ നടന്ന സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ കോടതിയെ സമീപിച്ചിരുന്നു. ആവശ്യപ്പെട്ടതിൽ പകുതി തുക അനുവദിച്ച കോടതി കേസ് ഒത്തുതീർപ്പാക്കി.
2020 ഡിസംബർ 9 നാണ് സംഭവം. തന്റെ സൗന്ദര്യം വർദ്ധക ശസ്ത്രക്രിയയുടെ ചെലവിനായി ലിയു 40,000 യുവാൻ (4,72,574.76 രൂപ) ധനകാര്യ സ്ഥാപനത്തിൽ നിന്നും വായ്പയെടുത്തിരുന്നു. തുടർന്നാണ് ചൈനയിലെ നാനിംഗിലുള്ള ക്ലിനിക്കിൽ ശസ്ത്രക്രിയകൾക്ക് വിധേയയാകുന്നത്. കൺപോളകളുടെയും മൂക്കിന്റെയും ആദ്യ ഘട്ട ശസ്ത്രക്രിയ അഞ്ച് മണിക്കൂർ നീണ്ടുനിന്നു. അടുത്ത ദിവസം രാവിലെയായിരുന്നു രണ്ടാം ഘട്ടം. തുടയിലെ ലിപ്പോസക്ഷനിലൂടെ വേർതിരിച്ചെടുത്ത കൊഴുപ്പ് അവളുടെ മുഖത്തും സ്തനങ്ങളിലും കുത്തിവെക്കുന്ന പ്രക്രിയയായിരുന്നു ഇത്.
എന്നാൽ ഡിസംബർ 11 ന് ഡിസ്ചാർജ് ചെയ്തതിന് തൊട്ടുപിന്നാലെ, ലിയു ക്ലിനിക്കിലെ ലിഫ്റ്റിൽ കുഴഞ്ഞുവീണു. ക്ലിനിക്ക് ജീവനക്കാർ അടിയന്തര പരിചരണം നൽകിയെങ്കിലും യുവതിയുടെ നില പെട്ടെന്ന് വഷളായി. തുടർന്ന് ലിയുവിനെ നാനിംഗിലുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലിപ്പോസക്ഷൻ പ്രക്രിയയുമായി ബന്ധപ്പെട്ടുണ്ടായ ശ്വാസതടസമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. തുടർന്നാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ലിയുവിന്റെ കുടുംബം കോടതിയെ സമീപിച്ചത്. 1.18 ദശലക്ഷം യുവാൻ (168,000 യുഎസ് ഡോളർ) ആവശ്യപ്പെട്ടെങ്കിലും ക്ലിനിക്ക് ഒരു ദശലക്ഷം യുവാൻ നഷ്ടപരിഹാരം നൽകിയാൽ മതിയെന്ന് കോടതി ഉത്തരവിടുകയായിരുന്നു