കാസർകോട്: കാർബോർഡ് പെട്ടിക്കുള്ളിലാക്കിയ മകളുടെ അവസാനത്തെ ശേഷിപ്പ്, ആ അമ്മ ഹൃദയം നുറുങ്ങുന്ന വേദനയോടെ ഒരുനോക്ക് കണ്ടു. പിന്നെ ഉയർന്നത് പൊട്ടിക്കരച്ചിലായിരുന്നു! കണ്ടുനിന്നവരും കൂടെ നിന്നവരും എന്ത് പറഞ്ഞ് സമാധാനിപ്പിക്കുമെന്ന് അറിയാതെ വിതുമ്പി. 18 വർഷങ്ങൾക്ക് മുമ്പ് കൊല്ലപ്പെട്ട സഫിയയുടെ തലയോട്ടി മാതാപിതാക്കൾ ഏറ്റുവാങ്ങുമ്പോൾ വൈകാരിക നിമിഷത്തിലൂടെയായിരുന്നു നാട്ടുകാരും കടന്നുപോയത്.
കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്നാണ് സഫിയയുടെ തലയോട്ടി മാതാപിതാക്കളായ മൊയ്തുവും ആയ്ഷുവും ഏറ്റുവാങ്ങിയത്. മകളെ മതാചാരപ്രകാരം കബറടക്കണമെന്ന മാതാപിതാക്കളുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഇതോടെ തെളിവായി ലഭിച്ച തലയോട്ടി വിട്ടുനൽകാൻ കോടതി നിർദേശിച്ചു. 13 വയസുള്ള സഫിയ ഗോവയിൽ വച്ചായിരുന്നു കൊല്ലപ്പെട്ടത്.
കുടക് അയ്യങ്കേരി സ്വദേശിനി സഫിയ 2006 ഡിസംബറിലാണ് കൊല്ലപ്പെട്ടത്. ഗോവയിൽ നിർമാണ കരാറുകാരനായ കാസർകോട് സ്വദേശി കെ സി ഹംസയുടെ വീട്ടിൽ ജോലിക്കാരിയായിരുന്നു സഫിയ. പാചകത്തിനിടെ കുട്ടിക്ക് പൊള്ളലേറ്റപ്പോൾ ബാലപീഡന കേസ് ഭയന്ന് കൊലപ്പെടുത്തിയെന്നായിരുന്നു കുറ്റസമ്മതം. മൃതദേഹം കഷ്ണങ്ങളാക്കി കുഴിച്ചിടുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഗോവയിൽ നിർമാണത്തിലിരുന്ന അണക്കെട്ടിന് സമീപത്ത് നിന്നും സഫിയയുടെ തലയോട്ടിയും അസ്ഥിയും കണ്ടെടുത്തു. 2015 ൽ ഹംസയ്‌ക്ക് വധശിക്ഷ വിധിച്ചെങ്കിലും 2019 ൽ ഹൈക്കോടതി ശിക്ഷ ജീവപര്യന്തമാക്കി. തെളിവായി ലഭിച്ച തലയോട്ടി വിട്ടുനൽകാൻ നിയമ തടങ്ങളുണ്ടായിരുന്നു. പിന്നീട് അപേക്ഷകൾ നൽകി മറ്റ് നിയമ തടസങ്ങളെല്ലാം പരിഹരിച്ച ശേഷമാണ് മാതാപിതാക്കൾക്ക് മകളുടെ തലയോട്ടി വിട്ടുനൽകിയത്. മതാചാരപ്രകാരം സഫിയുടെ ശേഷിപ്പ് കുടക് അയ്യേങ്കേരിയിൽ കബറടക്കി.