തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പരമേശ്വര ബ്രഹ്‌മാനന്ദ തീർത്ഥർ സമാധിയായി. 66 വയസായിരുന്നു. ആർസിസിയിൽ ചികിത്സയിലിരിക്കേയാണ് വിയോഗം. ഇരിങ്ങാലക്കുട അവിട്ടത്തൂർ മഠത്തിൽ എത്തിച്ചശേഷം സമാധിക്രിയകൾ ആരംഭിക്കും.
ക്ഷേത്രത്തിലെ പൂജാകാര്യങ്ങളിലെ മുഖ്യാധികാരികളിൽ ഒരാളായിരുന്നു പുഷ്‌പാഞ്‌ജലി സ്വാമിയാർ എന്നറിയപ്പെടുന്ന രമേശ്വര ബ്രഹ്‌മാനന്ദ തീർത്ഥർ. മുഞ്ചിറമഠം പരമ്പരയിലെ 47-മത് സ്വാമിയാണ്.
മുഞ്ചിറമഠം മൂപ്പിൽ സ്വാമിയാർക്കും നടുവിൽമഠം മൂപ്പിൽ സ്വാമിയാർക്കുമാണ് പൂജാകാര്യങ്ങൾ നടത്താനുള്ള അവകാശം. ഊഴം അനുസരിച്ച് ഇരുവരും പുഷ്‌പാഞ്ചലി സ്വാമിയാരായി ക്ഷേത്രാരാധന നടത്തുകയായിരുന്നു.
ക്ഷേത്രചരിത്രത്തിൽ മുഖ്യസ്ഥാനമുള്ള എട്ടരയോഗത്തിന്റെ അദ്ധ്യക്ഷം വഹിച്ചിരുന്നതും ഉത്സവത്തിന് അനുജ്ഞ കൊടുക്കുന്നതും ചെയ്‌തിരുന്നത് പുഷ്‌പാഞ്ജലി സ്വാമിയാരാണ്. 2016-ലാണ് അദ്ദേഹം സന്യാസദീക്ഷ സ്വീകരിച്ചത്.