കുടുംബ ജീവിതത്തിൽ തുല്യത വേണ്ടെന്നും ഭർത്താവിന് കീഴിൽ ജീവിക്കണമെന്നും പറഞ്ഞതിൽ നേരിടുന്ന സൈബർ ആക്രമണങ്ങളിൽ വിശദീകരണവുമായി നടിയും സംസ്ഥാന പുരസ്കാര ജേതാവുമായ സ്വാസിക. മിനിസ്ക്രീൻ പരമ്പരകളിലൂടെ ജനപ്രീതി നേടിയ താരം സിനിമകളിലും കാമ്പുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയടി നേടിയിട്ടുണ്ട്. ഏറെ നാളത്തെ പ്രണയത്തിനാെടുവിൽ നടൻ പ്രേം ജേക്കബിനെയാണ് സ്വാസിക വിവാഹം കഴിച്ചത്. ഇതിന് ശേഷം നൽകിയ അഭിമുഖത്തിലാണ് തന്റെ കുടുംബ ജീവിതത്തിലെ കാഴ്ചപാടുകളെക്കുറിച്ച് നടി പറഞ്ഞത്.
“ഭർത്താവിന്റെ താഴെ ജീവിക്കാനാണ് എനിക്കിഷ്ടം. എന്റെ അഭിപ്രായമാണ് പറഞ്ഞത്. എന്റെ ജീവിതം ഇങ്ങനെ ജീവിക്കാനാണ് എനിക്ക് ഇഷ്ടം. എന്തുകൊണ്ടെന്ന് ചോദിച്ചാൽ അറിയില്ല. ഭർത്താവ് കഴിച്ച പാത്രം കഴുകുന്നതും കാലു പിടിക്കുന്നതും നിങ്ങൾക്ക് തെറ്റായിരിക്കും. ഇതാണ് ഉത്തമ സ്ത്രീയെന്ന ഞാൻ പറയില്ല. അങ്ങനെ ജീവിക്കണമെന്ന് ആരോടും പറയില്ല. സ്ത്രീകൾ സ്വതന്ത്രരാകണം. തുല്യതയിൽ വിശ്വസിക്കുന്നവരാകണം. പക്ഷേ എനിക്ക് ഈ പറഞ്ഞ തുല്യത വേണ്ട. ഞാൻ ഇങ്ങനെയാണ് ഇഷ്‌ടപ്പെടുന്നത്”.
“ഓരോരുത്തർക്കും അവരവരുടെ ജീവിതം ഏതു രീതിയിൽ ജീവിക്കാനും ഇവിടെ സ്വാതന്ത്ര്യമുണ്ട്. അച്ഛനും ഭർത്താവിനും അനുസരിച്ച് ജീവിക്കാനാണ് എനിക്ക് ഇഷ്ടം. അത് ഒരു പ്രശ്നമായി തോന്നിയിട്ടില്ല. ഇനി അങ്ങനെ വരാനും പോകുന്നില്ല. ഇതാണ് ശരിയെന്ന് ഞാൻ പറയില്ല. പക്ഷേ എന്നെ സംബന്ധിച്ച് ഇതുമതി”—സ്വാസിക പറഞ്ഞു.