വയനാട്: ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ വയനാട് ജനവിധിയെഴുതുമ്പോൾ ചൂരൽമലയിലെ ദുരിതബാധിതരും സമ്മതിദാന അവകാശം വിനിയോഗിക്കാനെത്തിയിരുന്നു. നാട്ടുകാരെ ഒരിക്കൽ കൂടി കണ്ടതിന്റെ സന്തോഷം രേഖപ്പെടുത്തുമ്പോഴും ഉരുൾപൊട്ടലിന്റെ ആഘാതം അവരിൽ നിന്നും വിട്ടുമാറിയിട്ടില്ല. ഉരുൾപൊട്ടലിൽ കുടുംബാംഗങ്ങളെയും കാർ അപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിയും വോട്ട് രേഖപ്പെടുത്താനെത്തി.
അട്ടമല ബൂത്തിലെത്തിയാണ് ശ്രുതി വോട്ട് ചെയ്തത്. കാർ അപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് ശ്രുതിയുടെ കാലിന് ശസ്ത്രക്രിയ ചെയ്തിരുന്നു. ചികിത്സയ്‌ക്ക് ശേഷം വിശ്രമത്തിലിരിക്കെയാണ് വോട്ട് ചെയ്യാനായി അട്ടമലയിലേക്ക് ഒരിക്കൽ കൂടി ശ്രുതിയെത്തിയത്. ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.
” വയനാടിന്റെ അവസ്ഥ മനസിലാക്കി മുന്നോട്ട് വരാൻ ഒരാൾ വരുമല്ലോ? അയാൾക്ക് വേണ്ടിയാണ് ഞാനും കൂടി വോട്ട് ചെയ്യാനായി എത്തിയത്. വോട്ട് ചെയ്യണമെന്ന് നേരത്തെ തീരുമാനമെടുത്തിരുന്നു.” എല്ലാവരെയും ഒരിക്കൽ കൂടി കണ്ടതിൽ സന്തോഷമുണ്ടെന്നും എന്നാൽ നാട്ടിലേക്ക് വരുമ്പോൾ സങ്കടമുണ്ടെന്നും ശ്രുതി മാദ്ധ്യമങ്ങളോട് പറഞ്ഞു.
മുൻ കാലങ്ങളിൽ വെള്ളാർമല സ്‌കൂളിലായിരുന്നു പോളിംഗ് ബൂത്ത് സജ്ജീകരിച്ചിരുന്നത്. എന്നാൽ ഉരുൾപൊട്ടലിൽ വെള്ളാർമല സ്‌കൂൾ തകർന്നതോടെ ദുരിതബാധിതർക്കായി പ്രത്യേകം സജ്ജീകരിച്ച പോളിംഗ് ബൂത്തിലെത്തിയാണ് ശ്രുതി വോട്ട് ചെയ്തത്.
ഉരുൾപൊട്ടലിൽ മാതാപിതാക്കളെയും സഹോദരിയെയും ശ്രുതിക്ക് നഷ്ടപ്പെട്ടിരുന്നു. ഇതിന്റെ ആഘാതത്തിൽ നിന്ന് കൈപിടിച്ചുയർത്താൻ കൂട്ടുണ്ടായിരുന്ന പ്രതിശ്രുത വരൻ ജെൻസനെയും വാഹനാപകടത്തിൽ ശ്രുതിക്ക് നഷ്ടപ്പെട്ടു.