റാഞ്ചി: നുഴഞ്ഞുകയറ്റമാണ് ഝാർഖണ്ഡിലെ ഏറ്റവും വലിയ പ്രശ്‌നമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സന്താളിലെ വനവാസി ജനസംഖ്യ കുറഞ്ഞതായും അദ്ദേഹം പറഞ്ഞു. ഗോത്രവർഗക്കാരെ സംരക്ഷിക്കാൻ ഝാർഖണ്ഡിലെ ജനങ്ങൾ തയ്യാറാവണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ഝാർഖണ്ഡിലെ ഡിയോഘറിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” നുഴഞ്ഞുകയറ്റമാണ് ഝാർഖണ്ഡ് നേരിടുന്ന പ്രശ്‌നങ്ങളിലൊന്ന്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. നുഴഞ്ഞുകയറ്റം അവസാനിപ്പിച്ച് വനവാസി സമൂഹത്തിന് സംരക്ഷണം ഒരുക്കാൻ ഝാർഖണ്ഡിലെ ജനങ്ങളും കൈകോർക്കണം.
സന്താൾ വനവാസി സമൂഹത്തിലെ ജനസംഖ്യ കഴിഞ്ഞ വർഷങ്ങളിലേതിനെക്കാൾ പകുതിയായി കുറഞ്ഞിരിക്കുന്നു. വനവാസി സമൂഹത്തെയും അവരുടെ പാരമ്പര്യത്തെയും പൈതൃകത്തെയും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.”- പ്രധാനമന്ത്രി പറഞ്ഞു.
ഭരണകക്ഷിയായ ഝാർഖണ്ഡ് മുക്തി മോർച്ചയും കോൺഗ്രസും ചേർന്നാണ് നുഴഞ്ഞുകയറ്റക്കാരെ സംസ്ഥാനത്ത് നിലനിർത്തുന്നത്. നുഴഞ്ഞുകയറ്റക്കാർക്കെതിരെ ജെഎംഎം എന്ത് നടപടി സ്വീകരിച്ചെന്നും പ്രധാനമന്ത്രി ചോദിച്ചു. നുഴഞ്ഞുകയറ്റക്കാർ സംസ്ഥാനത്തെ തൊഴിലവസരങ്ങളും നിങ്ങളുടെ പെൺകുട്ടികളെയും ഭക്ഷണവും തട്ടിയെടുക്കുകയാണ്. ഇതിനെതിരെ ബിജെപി ശക്തമായി പോരാടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.















