ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെയുള്ള മൂന്നാം ടി20യിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. തിലക് വർമയുടെ കന്നി സെഞ്ച്വറിയും ഫോമിലേക്ക് ഉയർന്ന അഭിഷേക് ശർമയുടെ അർദ്ധ സെഞ്ച്വറിയുമാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്. നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 219 റൺസാണ് നേടിയത്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കം ഞെട്ടലോടെയായിരുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും സഞ്ജു സാംസൺ മാർകോ യാൻസന്റെ പന്തിൽ പുറത്തായി. എന്നാൽ പതാറാതെ ആക്രമണം നയിച്ച അഭിഷേകും വൺ ഡൗണായി എത്തിയ തിലകും ഇന്ത്യയെ ഡ്രൈവിംഗ് സീറ്റിലിരുത്തി.
തിലക് 51 പന്തിലാണ് സെഞ്ച്വറി പൂർത്തിയാക്കിയത്. 7 പടുകൂറ്റൻ സിക്സും എട്ട് ബൗണ്ടറികളും ഇടം കൈയൻ പറത്തി. 24 പന്തിലായിരുന്നു അഭിഷേകിന്റെ അർദ്ധ സെഞ്ച്വറി. ക്യാപ്റ്റൻ സൂര്യകുമാർ(1) ഇന്നും നിരാശപ്പെടുത്തി.
ഹാർദിക് പാണ്ഡ്യ(18), റിങ്കു സിംഗും(13 പന്തിൽ 8) നിരാശപ്പെടുത്തി. അരങ്ങേറ്റക്കാരൻ രമൺദീപ് 6 പന്തിൽ 15 റൺസെടുത്തു. 52 പന്തിൽ 107 റൺസാണ് ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത്. റിങ്കു സിംഗും തിലകും ചേർന്ന് അഞ്ചാം വിക്കറ്റിൽ 58 റൺസ് ചേർത്തു. ഇതിൽ 45 ഉം വർമയുടെ ബാറ്റിൽ നിന്നായിരുന്നു.കേശവ് മഹാരാജ്, ആൻഡിൽ സിമെലൻ എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ യാൻസന് ഒരു വിക്കറ്റ് ലഭിച്ചു. ജൊറാൾഡ് കോർട്സീ ഇതിനിടെ അർദ്ധസെഞ്ച്വറി തികച്ചു.















