മുംബൈ: കോൺഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെയുള്ള കോൺഗ്രസിന്റെ നിലപാടുകളെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ഇന്ദിരാ ഗാന്ധി സ്വർഗത്തിൽ നിന്ന് വന്നാലും ആർട്ടിക്കിൾ 370 കേന്ദ്രസർക്കാർ പുനഃസ്ഥാപിക്കില്ലെന്ന് അമിത് ഷാ പറഞ്ഞു. മുംബൈയിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” ആർട്ടിക്കിൾ 370 റദ്ദാക്കിയതിലും അയോദ്ധ്യ രാമക്ഷേത്രത്തിന്റെ നിർമാണത്തിലും എക്കാലവും ഭിന്നാഭിപ്രായമാണ് കോൺഗ്രസിനുള്ളത്. ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. വോട്ടുബാങ്കുകൾ മാത്രം ലക്ഷ്യമിട്ടാണ് കോൺഗ്രസ് ഇത്തരത്തിൽ ഒരാവശ്യം ഉയർത്തുന്നത്. എന്നാൽ അവരൊന്ന് മനസിലാക്കണം, ഇന്ദിരാ ഗാന്ധി സ്വർഗത്തിൽ നിന്ന് എത്തിയാലും ആർട്ടിക്കിൾ 370 കേന്ദ്രസർക്കാർ പുനഃസ്ഥാപിക്കില്ല.”- അമിത് ഷാ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്‌ട്രയിൽ കോൺഗ്രസിനും മഹാവികാസ് അഘാഡിക്കും പിന്തുണ നൽകാമെന്നും പകരം മുസ്ലീങ്ങൾക്ക് 10 ശതമാനം സംവരണം നൽകണമെന്നും ഓൾ ഇന്ത്യ ഉലമ ബോർഡ് അറിയിച്ചിരുന്നു. ഇതിനൊപ്പം ആർഎസ്എസ് നിരോധനം നടപ്പിലാക്കണമെന്നും ആർട്ടിക്കിൾ 370 പുനസ്ഥാപിക്കണമെന്നും ഉൾപ്പെടെയുളള ആവശ്യങ്ങളും മുന്നോട്ടുവെച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു അമിത് ഷായുടെ വിമർശനം.
മുസ്ലീങ്ങൾക്ക് സംവരണം നൽകിയാൽ എസ്‌സി/ എസ്ടി, ഒബിസി തുടങ്ങിയവരുടെ സംവരണം വെട്ടിക്കുറക്കേണ്ടി വരും. അതിനാൽ വോട്ടുബാങ്കുകളെ ലക്ഷ്യം വച്ച് കോൺഗ്രസ് നടത്തുന്ന നാടകങ്ങൾ കേന്ദ്രസർക്കാർ കണക്കിലെടുക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി.