വാഷിംഗ്ടൺ: പെറുവിൽ നടക്കുന്ന അപെക് ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്താനൊരുങ്ങി യുഎസ് പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും. ബൈഡൻ ജനുവരിയിൽ സ്ഥാനമൊഴിയാനിരിക്കെ ഇരുനേതാക്കളും തമ്മിൽ നടക്കുന്ന അവസാനത്തെ ഔദ്യോഗിക കൂടിക്കാഴ്ച ആയിരിക്കും ഇതെന്നും യുഎസ് അധികൃതർ വ്യക്തമാക്കി. ഒരു വർഷം മുൻപ് കാലിഫോർണിയയിൽ വച്ചാണ് ഇരുനേതാക്കളും തമ്മിൽ അവസാനമായി കൂടിക്കാഴ്ച നടത്തിയത്.
ഇരുരാജ്യങ്ങളും തമ്മിൽ വലിയ അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നതിനിടെയാണ് കാലിഫോർണിയയിൽ വച്ച് ഇരുവരും കൂടിക്കാഴ്ച നടത്തി പ്രശ്‌ന പരിഹാരങ്ങൾക്ക് ശ്രമം നടത്തിയത്. ലോകത്തിലെ ഏറ്റവും മികച്ച രണ്ട് സമ്പദ്‌വ്യവസ്ഥകളിലെ പ്രസിഡന്റുമാർ എന്ന നിലയിൽ ബൈഡനും ഷി ജിൻപിങ്ങും നടത്തുന്ന അവസാന കൂടിക്കാഴ്ചയാണിതെന്ന് യുഎസ് അഡ്മിനിസ്‌ട്രേഷൻ വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നു. അപെക് ഉച്ചകോടിയിൽ പങ്കെടുത്തതിന് ശേഷം ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന ജി20 ഉച്ചകോടിയിലും ബൈഡൻ പങ്കെടുക്കും.
ട്രംപ് വീണ്ടും അധികാരത്തിലെത്തുമ്പോൾ ചൈന വലിയ ആശങ്കയിലാണെന്ന തരത്തിൽ നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇത് വീണ്ടും ഉറപ്പിച്ച് കൊണ്ട് പല സുപ്രധാന വകുപ്പുകളിലും കടുത്ത ചൈനീസ് വിമർശകരെ നിയമിക്കാനുള്ള തീരുമാനം ട്രംപ് എടുത്ത് കഴിഞ്ഞു. ചൈനയിൽ നിന്നുള്ള വസ്തുക്കളുടെ ഇറക്കുമതി നികുതി വർദ്ധിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തന്നെ ട്രംപ് അറിയിച്ചിരുന്നു. പ്രതിരോധം, വിദേശം തുടങ്ങിയ വകുപ്പുകളിലെല്ലാം കടുത്ത ചൈനീസ് വിമർശകരെയാണ് ട്രംപ് കൊണ്ടുവന്നിരിക്കുന്നത്.
ഇതിന് പുറമെ കടുത്ത ചൈന വിമർശകനായ മൈക്ക് വാൾട്ട്സ് ആണ് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിക്കപ്പെട്ടിരിക്കുന്നത്. ഉയിഗുർ മുസ്ലീങ്ങൾക്കെതിരെ ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയും, കൊറോണ മഹാമാരിയുടെ സമയത്ത് ചൈനയുടെ പങ്ക് സംബന്ധിച്ചുമെല്ലാം മൈക്ക് കടുത്ത വിമർശനം ഉയർത്തിയിട്ടുണ്ട്. 2022ൽ ബിജിങ്ങിൽ നടന്ന വിന്റർ ഒളിമ്പിക്സിൽ അമേരിക്ക പങ്കെടുക്കരുതെന്നും അന്ന് അദ്ദേഹം ആവശ്യം ഉയർത്തിയിരുന്നു.















