ന്യൂഡൽഹി; ഇസ്രായേൽ-ഹമാസ് സംഘർഷത്തെക്കുറിച്ച് സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദുമായി ചർച്ച നടത്തി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഗാസയിൽ എത്രയും വേഗം വെടിനിർത്തൽ നടപ്പാക്കണമെന്നും, ഇരുരാഷ്‌ട്രങ്ങളും ചർച്ചകൾ നടത്തി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനെ ഇന്ത്യ പിന്തുണയ്‌ക്കുന്നതായും ജയശങ്കർ വ്യക്തമാക്കി. ഡൽഹിയിൽ വച്ചാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്.
ഹമാസിന്റെ തീവ്രവാദ പ്രവർത്തനങ്ങളെ ശക്തമായി അപലപിച്ച അദ്ദേഹം, ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിനെതിരെ നടത്തിയ ഹമാസ് നടത്തിയ ഭീകരാക്രമണത്തിനുള്ള മറുപടി അന്താരാഷ്‌ട്ര മാനുഷിക നിയമങ്ങൾ പരിഗണിച്ചുള്ളതായിരിക്കണമെന്ന നിലപാടും വ്യക്തമാക്കി. പശ്ചിമേഷ്യയിൽ സുസ്ഥിരത ഉറപ്പാക്കുന്നതിൽ പ്രധാനപങ്കു വഹിക്കുന്നത് സൗദി അറേബ്യ ആണെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി.
” പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ആശങ്കയുണ്ടാക്കുന്നതാണ്. പ്രത്യേകിച്ച് ഗാസയിലെ പ്രശ്‌നങ്ങൾ. തീവ്രവാദത്തേയും, സാധാരണക്കാരെ ഭീകരർ ബന്ദികളാക്കിയ നടപടിയേയും ഇന്ത്യ ശക്തമായി തന്നെ അപലപിക്കുകയാണ്. പക്ഷേ സാധാരണക്കാരായ ആളുകളുടെ മരണവും അംഗീകരിക്കാൻ സാധിക്കുന്ന കാര്യമല്ല. ഏതൊരു പ്രതികരണവും അന്താരാഷ്‌ട്ര മാനുഷിക നിയമങ്ങൾ കണക്കിലെടുത്തുള്ളതാകണം. ദ്വിരാഷ്‌ട്ര ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന ആവശ്യമാണ് ഇന്ത്യ മുന്നോട്ട് വയ്‌ക്കുന്നതെന്നും” ജയശങ്കർ പറഞ്ഞു.
2023ൽ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഇന്ത്യാ സന്ദർശനത്തിന് ശേഷം ഉഭയകക്ഷി ബന്ധത്തിലുണ്ടായ പുരോഗതി ഇരു നേതാക്കളും ചർച്ച ചെയ്തതായി കേന്ദ്ര വിദേശകാര്യമന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. വ്യാപാരം, നിക്ഷേപം, ഊർജ്ജം, പ്രതിരോധം, സുരക്ഷ തുടങ്ങീ വിവിധ മേഖലകളിൽ ഉഭയകക്ഷി പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും ഇരുവരും സംസാരിച്ചു. ഏകോപനത്തിന്റേയും സഹകരണത്തിന്റേയും പ്രാധാന്യം ഫൈസൽ ബിൻ ഫർഹാൻ എടുത്ത് പറഞ്ഞതായി സൗദി വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. സഹകരണം മെച്ചപ്പെടുത്തുന്നത് ഇരുരാജ്യങ്ങളുടേയും ഭാവി താത്പര്യങ്ങൾക്ക് സഹായകമാണെന്നും അദ്ദേഹം പറഞ്ഞു.