തിരുവനന്തപുരം: നൂറ്റാണ്ടുകൾ പഴക്കമുള്ള സർക്കാർ സ്കൂളിന്റെ കവാടം ബാർ ഹോട്ടലിന് വേണ്ടി മാറ്റി സ്ഥാപിക്കുന്നു. തിരുവനന്തപുരം എംജി റോഡിലെ ചരിത്ര പ്രസിദ്ധമായ എസ്എംവി സ്കൂൾ ഗേറ്റാണ് മാറ്റി സ്ഥാപിക്കുന്നത്. റോഡിന് എതിർവശത്ത് പുതിയതായി നിർമിക്കുന്ന ത്രീസ്റ്റാർ ബാർ ഹോട്ടലിന് വേണ്ടിയാണ് കോർപ്പറേഷന്റെ സാഹസം.
നിയമപ്രകാരം മദ്യ വിൽപ്പന കേന്ദ്രങ്ങളും സ്കൂളും തമ്മിലുള്ള കുറഞ്ഞ ദൂരപരിധി 200 മീറ്ററാണ്. ഇത് മറികടക്കാനായാണ് സ്കൂളിന്റെ ഗേറ്റ് മാറ്റുന്നത്. റോഡ് മുറിച്ച് കടന്നാൽ 20 മീറ്റർ മാത്രമാണ് സ്കൂളിന്റെ കവാടവും ബാറും തമ്മിലുള്ള ദൂരം. എന്നാൽ റോഡിന് മറുവശമായതിനാൽ ഓവർ ബ്രിഡ്ജിന് സമീപം എത്തി യൂടേൺ എടുത്ത് വരുന്ന ദൂരമാണ് കണക്കാക്കുന്നത്. എന്നിട്ടും 200 മീറ്റർ കടക്കാത്തതിലാണ് ഇത്തരം ഒരു നീക്കത്തിന് കാരണം. പുതിയ ഗേറ്റിന്റെ പണികൾ പിഡബ്ല്യൂഡിയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
നിലവിലുള്ള ഗേറ്റിന് കാര്യമായ കാലപഴക്കമോ കേടുപാടോ ഇല്ല. അതിനാൽ തന്നെ സുരക്ഷയ്‌ക്ക് വേണ്ടിയാണെന്ന വാദവും അംഗീകരിക്കാൻ കഴിയില്ല. പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ബാർ മുതലാളിമാരെ സഹായിക്കുന്ന കോർപ്പറേഷനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് എബിവിപി. സ്കൂളിന്റെ ഗേറ്റ് മാറ്റാൻ ബാർ മുതലാളിയിൽ നിന്ന് മേയറും കോർപ്പറേഷനും അച്ചാരം വാങ്ങിയെന്ന ആരോപണവും ഉയരുന്നുണ്ട്.