മംഗലപുരം: അണ്ടർ 19 താരങ്ങൾക്കായുളള കൂച്ച് ബെഹാർ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിനെതിരെ ആദ്യ ഇന്നിങ്സിൽ ബിഹാർ 329 റൺസിന് പുറത്ത്. തോമസ് മാത്യുവിന്റെയും അഭിരാമിന്റെയും ബൗളിങ് മികവിലാണ് ബിഹാറിനെ ആദ്യദിനം തന്നെ കേരളം പുറത്താക്കിയത്. കേരളത്തിനായി തോമസ് മാത്യു 17 ഓവറിൽ 53 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തി.
കെസിഎയുടെ തിരുവനന്തപുരം മംഗലപുരം ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ കേരളം ബിഹാറിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശെരിവക്കുന്നതായിരുന്നു ബൗളർമാരുടെ പ്രകടനം. സ്‌കോർ ബോർഡിൽ റൺസ് കൂട്ടിച്ചേർക്കും മുൻപെ ബിഹാറിന്റെ രണ്ട് വിക്കറ്റുകൾ കേരളം വീഴ്‌ത്തി. ഓപ്പണർ ആദിത്യ സിൻഹയെ(0) ആദ്യ ഓവറിൽ തന്നെ അഭിരാം ക്ലീൻ ബൗൾഡാക്കിയപ്പോൾ ഷശ്വത് ഗിരിയെ(0) ആദിത്യ ബൈജുവും പുറത്താക്കി.
തുടർന്ന് സ്‌കോർ മൂന്നിലെത്തിയപ്പോൾ ക്യാപ്റ്റൻ എം.ഡി അലാമിന്റെ(0) വിക്കറ്റും വീഴ്‌ത്തി അഭിരാം കേരളത്തിന് മേൽക്കെ നൽകി. എന്നാൽ ദിപേഷ് ഗുപ്ത-പൃഥ്വിരാജ് സഖ്യം അവസരത്തിനൊത്ത് ഉയർന്ന് ബിഹാറിന്റെ രക്ഷകരായി. നാലാമനായി ഇറങ്ങിയ ദിപേഷ് അർദ്ധ സെഞ്ച്വറി നേടിയപ്പോൾ പൃഥ്വിരാജ് ആദ്യ ഇന്നിങ്സിൽ സെഞ്ച്വറിയും നേടി.
61 റൺസെടുത്ത ദിപേഷിനെ സ്‌കോർ 153 ൽ എത്തിയപ്പോൾ തോമസ് മാത്യു പുറത്താക്കി. പിന്നീട് പൃഥ്വിയുടെ സെഞ്ച്വറി മികവിലാണ് ബിഹാർ സ്‌കോർ 300 കടത്തിയത്. 176 പന്ത് നേരിട്ട പൃഥ്വി 163 റൺസെടുത്തു. 20 ഫോറും ഒരു സിക്സും ഉൾപ്പെടുന്നതായിരുന്നു ഇന്നിങ്സ്. സ്‌കോർ 299 ൽ എത്തിയപ്പോൾ തോമസ് മാത്യുവിന്റെ പന്തിൽ അഹമ്മദ് ഇമ്രാൻ ക്യാച്ചെടുത്താണ് പൃഥ്വിയെ പുറത്താക്കിയത്. പൃഥ്വിരാജാണ് ബിഹാറിന്റെ ടോപ് സ്‌കോറർ.
പത്ത് ഓവറിൽ 32 റൺസ് വഴങ്ങിയ അഭിരാം മൂന്ന് വിക്കറ്റും മുഹമ്മദ് ഇനാൻ രണ്ട് വിക്കറ്റും ആദിത്യ ബൈജു ഒരു വിക്കറ്റും നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം ലഞ്ച് ബ്രേക്കിന് കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 140 റൺസെടുത്തിട്ടുണ്ട്. അഹമ്മദ് ഖാൻ (30 പന്തിൽ 21 റൺസ്), അക്ഷയ് (120 പന്തിൽ 39), രോഹിത് 21 പന്തിൽ 10) എന്നിവരാണ് പുറത്തായത്. അഹമ്മദ് ഇമ്രാൻ നേടിയ അർദ്ധസെഞ്ചുറിയുടെ (72 പന്തിൽ 69 ) ബലത്തിലാണ് കേരളം പൊരുതുന്നത്.