ശ്രീനഗർ: കശ്മീരിൽ പാക് ബന്ധമുള്ള ഭീകരന്റെ സ്വത്തുക്കൾ എൻഐഎ കണ്ടുകെട്ടി. ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള ദ റെസിസ്റ്റൻസ് ഫ്രണ്ടിലെ അംഗമായ ആദിൽ മൻസൂർ ലാംഗൂവിന്റെ സ്വത്തുക്കളാണ് പിടിച്ചെടുത്തത്. ശ്രീനഗറിലെ സൽദാഗറിലാണ് വസ്തുവകകൾ സ്ഥിതി ചെയ്യുന്നത്. 1967ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമ പ്രകാരമാണ് സ്വത്ത് വകകൾ കണ്ടുകെട്ടിയത്.
ഫെബ്രുവരി 7 നാണ് പ്രദേശവാസികളല്ലാത്ത രണ്ട് യുവാക്കൾ ഭീരരാക്രണത്തിൽ കൊല്ലപ്പെട്ടത്. ഫെബ്രുവരി 12 ന് ആദിൽ മൻസൂർ ലംഗൂ, അഹ്‌റാൻ റസൂൽ ദാർ, ദാവൂദ് എന്നീ ഭീകരരെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജഹാംഗീറാണ് ഇതിന്റെ സൂത്രധാരൻ. ഭീകരത പ്രചരിപ്പിക്കാനും അക്രമം പ്രോത്സാഹിപ്പിക്കാനും ഇന്ത്യയിൽ നിരപരാധികളെ കൊല്ലുക എന്ന ലക്ഷ്യത്തോടെയുമാണ് ഇവർ ഗൂഢാലോചന നടത്തിയതെന്ന് ഏജൻസി പറഞ്ഞു.
കുറ്റകൃത്യം നടത്താൻ ഉപയോഗിച്ച ആയുധവും വെടിക്കോപ്പുകളും ലംഗുവിന്റെ വസതിയിൽ നിന്ന് കണ്ടെത്തിയിരുന്നു. കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. ലാംഗൂ അടക്കമുള്ള പ്രതികൾ നിലവിൽ ശ്രീനഗറിലെ സെൻട്രൽ ജയിലിലാണ്. 2019 ൽ കേന്ദ്രസർക്കാർ ദ റെസിസ്റ്റൻസ് ഫ്രണ്ടിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു. പൊലീസിനും സുരക്ഷാസേനയ്‌ക്കും നേരെയുണ്ടായ വിവിധ ആക്രമണങ്ങൾക്ക് പിന്നിലും ഭീകര സംഘടനയാണെന്ന് എൻഐഎ പറഞ്ഞു.















