കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എൽഡിഎഫിലെ അഡ്വ. കെ കെ രത്‌നകുമാരിയെ തെരഞ്ഞെടുത്തു. എഡിഎം നവീൻ ബാബുവിന്റെ മരണത്തെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്ക് പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് പുതിയ അദ്ധ്യക്ഷയെ കണ്ടെത്തേണ്ടി വന്നത്.
രാവിലെ 11 മണിയോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫിലെ ജൂബിലി ചാക്കോയായിരുന്നു എതിർ സ്ഥാനാർത്ഥി. 7ന് എതിരെ 16 വോട്ടുകൾക്കാണ് രത്‌നകുമാരി, ജൂബിലി ചാക്കോയെ പരാജയപ്പെടുത്തിയത്. വോട്ടെടുപ്പിൽ നിന്ന് പി പി ദിവ്യ വിട്ടുനിന്നിരുന്നു.
അതേസമയം തെരഞ്ഞെടുപ്പ് പ്രക്രിയ റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമങ്ങളെ കണ്ണൂർ കളക്ടർ അരുൺ കെ വിജയൻ തടഞ്ഞത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ റിപ്പോർട്ട് ചെയ്യരുതെന്നായിരുന്നു നിർദേശം. പൊതുപരിപാടി റിപ്പോർട്ട് ചെയ്യാൻ അനുവദിക്കാത്തത് മാദ്ധ്യമപ്രവർത്തകരും ചോദ്യം ചെയ്തു.
കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ ദിവ്യ ക്ഷണിക്കാതെയെത്തി അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിക്കുകയായിരുന്നു. കളക്ടറേറ്റിൽ സ്റ്റാഫ് കൗൺസിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു പ്രാദേശിക ടെലിവിഷൻ ചാനലിനെയും കൂട്ടി എഡിഎമ്മിനെ അവഹേളിക്കാൻ കരുതിക്കൂട്ടി ദിവ്യ എത്തിയത്. അന്ന് രാത്രി എഡിഎം ദൂരൂഹസാഹചര്യത്തിൽ മരണപ്പെട്ടതോടെ ദിവ്യയ്‌ക്കെതിരെ വ്യാപക പ്രതിഷേധമുയർന്നു. തുടർന്നാണ് ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനം രാജിവെക്കാൻ നിർബന്ധിതമായത്.
അറസ്റ്റിലായിരുന്ന ദിവ്യ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. പ്രതിഷേധ സാദ്ധ്യത കണക്കിലെടുത്താണ് ദിവ്യ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതെന്നാണ് വിവരം.