മുംബൈ: ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്‌ട്ര വിമാനത്താളത്തിന് നേരെ ബോംബ് ഭീഷണി. ഇന്നലെ വൈകീട്ടോടെ ഫോൺ കോൾ വഴിയായിരുന്നു സന്ദേശമെത്തിയത്. വിമാനത്താവളത്തിൽ സ്‌ഫോടനം നടത്താൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നായിരുന്നു സന്ദേശം. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന്റെ കൺട്രോൾ റൂമിലേക്കാണ് സന്ദേശം എത്തിയത്.
മുംബൈയിൽ നിന്ന് സ്‌ഫോടക വസ്തുക്കളുമായി അസർബൈജാനിലേക്ക് മുഹമ്മദ് എന്ന് പേരുള്ള ഒരാൾ യാത്ര ചെയ്യുന്നുണ്ടെന്നായിരുന്നു സന്ദേശം. ഇയാൾ വിമാനത്താവളം തകർക്കാൻ പദ്ധതിയിടുന്നുണ്ടെന്നും വിളിച്ച അജ്ഞാതൻ പറഞ്ഞു.
ഭീഷണി സന്ദേശം ലഭിച്ചയുടൻ സിഐഎസ്എഫ് സഹാർ പൊലീസിന് വിവരം കൈമാറി. ബോംബ് സ്‌ക്വാഡും പൊലീസും നടത്തിയ പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തിയതായി പൊലീസ് അറിയിച്ചു.
വ്യാജ ബോംബ് ഭീഷണികൾ ഗൗരവമായി കണക്കാക്കുന്നുണ്ട്. സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.