കണ്ണൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എൽഡിഎഫ് അംഗം കെ കെ രത്‌നകുമാരിക്ക് ആശംസകൾ അറിയിച്ച് പി പി ദിവ്യ. ഭരണപക്ഷമെന്നോ, പ്രതിപക്ഷമെന്നോ വ്യത്യാസമില്ലാതെ ഭരണസമിതി അംഗങ്ങളുടെയും, ജീവനക്കാരുടെയും, നിർവഹണ ഉദ്യോഗസ്ഥരുടെയും കൂട്ടായ്മയും സൗഹൃദവുമാണ് കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ വിജയമെന്ന് പി പി ദിവ്യ കുറിച്ചു.
കണ്ണൂരിലെ ജനതയ്‌ക്കു അഭിമാനിക്കാൻ ഈ നാല് വർഷം കൊണ്ട് നേടിയ നേട്ടങ്ങൾ നിരവധിയാണ്. സംസ്ഥാനത്തെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഒന്നാംസ്ഥാനം, സ്വരാജ് ട്രോഫി ഉൾപ്പെടെ 4 സംസ്ഥാന അവാർഡുകൾ തുടങ്ങിയവ കരസ്ഥമാക്കി. 1500 പുസ്തകങ്ങൾ ഒരു വേദിയിൽ പ്രകാശനം ചെയ്തു കൊണ്ട് ലോക റെക്കാർഡ് സ്വന്തമാക്കിയെന്നും അവർ ഫെയ്‌സ്ബുക്കിൽ കുറിച്ചു.
കുറച്ചു മാസങ്ങൾക്കുള്ളിൽ നമുക്ക് പൂർത്തിയാക്കാനുള്ളത് അനവധി സ്വപ്നങ്ങളാണ്. കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ഭരണ സമിതി അംഗം എന്ന നിലയിൽ കൂടെ ഞാനുമുണ്ട്. അതിമഹത്തായ ചരിത്ര പാരമ്പര്യമുള്ള മണ്ണാണ് നമ്മുടേത്. കണ്ണൂരിനെ ഇനിയുമേറെ ഉയരത്തിലെത്തിക്കണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കെ തനിക്ക് പിന്തുണ നൽകിയ സിപിഎം നേതാക്കൾക്കും മറ്റ് പൊതുപ്രവർത്തകർക്കും പി പി ദിവ്യ നന്ദിയും അറിയിച്ചു.