എറണാകുളം: കാലിന്റെ അടിയിലെ മണ്ണൊലിച്ച് പോകുന്ന അവസ്ഥയാണ് മുനമ്പത്തെ ജനങ്ങൾ അനുഭവിക്കുന്നതെന്ന് നടനും സംവിധായകനുമായ മേജർ രവി. മറ്റൊരു തരത്തിലാണെങ്കിലും തന്റെ ഭൂമിയും നഷ്ടപ്പെട്ടതാണ്. അതിനാൽ മുനമ്പത്തെ ജനങ്ങളുടെ വേദന തനിക്ക് മനസിലാകുമെന്നും മേജർ രവി പറഞ്ഞു. മുനമ്പം സമരവേദിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നമ്മുടെ പൂർവികന്മാരുടെ സ്വത്ത് ഒരു സുപ്രഭാതത്തിൽ വഖ്ഫ് ബോർഡിന്റേതാണെന്ന് പറഞ്ഞാൽ അത് എങ്ങനെ അംഗീകരിക്കാനാവും. മരട് ഫ്ലാറ്റ് പൊളിക്കുമ്പോൾ നിങ്ങൾ അനുഭവിച്ച അതേ വേദന എനിക്കും ഉണ്ടായിരുന്നു. എന്നാൽ അത് കോടതി ഉത്തരവായിരുന്നു. ഇന്ന്, വഖ്ഫ് ബോർഡ് ഒരു നോട്ടീസ് തന്നിട്ടാണ് ഇറങ്ങണമെന്ന് പറയുന്നത്.
ഇത് ആരുടെ ഭൂമിയാണെന്ന് ചോദിക്കുമ്പോൾ അള്ളാഹുവിന്റെ ഭൂമി എന്നാണ് അവർ പറയുന്നത്. ജീവിച്ചിരിക്കുന്ന മനുഷ്യർക്ക് കൊടുക്കാത്ത മണ്ണ് നമ്മൾ വിശ്വസിക്കുന്ന ദൈവത്തിന് എന്തിനാണ്. ഈ ഭൂമി പിടിച്ചെടുത്തിട്ട് അവർ എന്ത് ചെയ്യാനാണ് പോകുന്നത്.
വഖ്ഫ് ബോർഡിന്റെ ബില്ല് ജനങ്ങൾക്ക് ഉതകുന്ന ബില്ലാക്കി മാറ്റാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിച്ചിരുന്നു. എന്നാൽ മുനമ്പത്തെ എംപി തന്നെയാണ് അതിന് തടസം നിന്നത്. തെരഞ്ഞെടുക്കപ്പെടുന്ന ആളുകൾ ഇതൊക്കെയാണോ ചെയ്യേണ്ടത്. മുനമ്പത്ത് നിന്ന് ആരെയും ആരും ഇറക്കിവിടില്ല. കാരണം ഇതിന് കോടതി ഉത്തരവില്ല. ഇവിടെ നിന്ന് ഇറങ്ങില്ലെന്ന് നമുക്ക് ചങ്കൂറ്റത്തോടെ പറയാനാകും. ജാതിമതഭേദമന്യേ ജനങ്ങളോടൊപ്പം തങ്ങളുണ്ടായിരിക്കുമെന്നും മേജർ രവി പറഞ്ഞു.















