2024ലെ അവസാന സൂപ്പർമൂണിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് ലോകം. ഇക്കൊല്ലം പ്രത്യക്ഷപ്പെടാൻ പോകുന്ന നാലാമത്തെ സൂപ്പർമൂണാണിത്. നവംബർ 15ന് ആകാശത്തേക്ക് നോക്കിയാൽ പതിവിൽ കാണുന്നതിനേക്കാൾ വലിപ്പത്തിലും തിളക്കത്തിലും ചന്ദ്രനെ കാണാനാകും. ഇത്തവണത്തെ സൂപ്പർമൂണിനെ ബീവർ (Beaver Moon) എന്നാണ് വിശേഷിപ്പിക്കുന്നത്. ഓഗസ്റ്റിലെ ബ്ലൂമൂൺ, സെപ്റ്റംബറിലെ ഹാർവെസ്റ്റ് മൂൺ, ഒക്ടോബറിലെ ഹണ്ടർ മൂൺ എന്നീ പ്രതിഭാസങ്ങൾക്ക് ശേഷം നവംബർ 15ന് പ്രത്യക്ഷപ്പെടുന്ന സൂപ്പർമൂൺ ആണ് ബീവർ.

നവംബർ 14 മുതൽ ബീവർ മൂണിന്റെ സാന്നിധ്യം തിരിച്ചറിയാം. 15നാണ് പ്രതിഭാസം പൂർണതോതിൽ ദൃശ്യമാകുന്നതെങ്കിലും 14നും 16നും ചെറിയതോതിൽ കാണാൻ കഴിയും. 15ന് ഇന്ത്യൻ സമയം 2.58 AM മുതൽ ബീവർ മൂൺ ദൃശ്യമാകും. സാധാരണ കാണുന്ന ചന്ദ്രനേക്കാൾ 14 ശതമാനം വലിപ്പവും 30 ശതമാനം തിളക്കവും കൂടുതലായിരിക്കും ബീവർ മൂണിന്. അന്നേദിവസം ബുധൻ, ശുക്രൻ, ശനി, വ്യാഴം എന്നീ ഗ്രഹങ്ങളെയും ആകാശത്ത് കാണാം.
എന്താണ് ബീവർ?

വടക്കേ അമേരിക്കയിൽ കണ്ടുവരുന്ന ജീവിവർഗമാണ് ബീവറുകൾ. ശൈത്യകാലത്തോട് അടുക്കുമ്പോൾ ബീവറുകൾ തണുപ്പിനെ അതിജീവിക്കാൻ ഒരുക്കങ്ങൾ നടത്തുന്നു. നവംബർ മാസത്തിലാണ് ബീവറുകൾ ഡിസംബർ-ജനുവരി മാസങ്ങൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തുക. ശൈത്യകാലത്ത് കഴിക്കാനുള്ള ഭക്ഷ്യപദാർത്ഥങ്ങൾ ബീവറുകൾ ശേഖരിച്ചുവെക്കുന്നു. ഈയൊരു രീതിയെയാണ് ബീവർ മൂൺ എന്ന വിശേഷണത്തിലൂടെ അനുസ്മരിക്കുന്നത്. ഫ്രോസ്റ്റ് മൂൺ എന്നും സ്നോ മൂൺ എന്നും ബീവർ മൂണിനെ വിളിക്കുന്നു.















