പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തി അന്വേഷണ സംഘം. കണ്ണൂരിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് നവീൻ ബാബുവിന്റെ ഭാര്യയുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തിയത്. കളക്ടർ അരുൺ കെ വിജയനെതിരെയുള്ള തങ്ങളുടെ മൊഴിയിൽ ഉറച്ചുനിൽക്കുന്നതായി കുടുംബം പറഞ്ഞു.
നവീൻ ബാബുവിനെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നിലും പെട്രോൾ പമ്പ് വിഷയത്തിലും ഗൂഢാലോചന നടന്നതായാണ് കുടുംബത്തിന്റെ സംശയം. നവീൻ ബാബു മരണപ്പെടുന്നതിന് മുൻപായി ചെയ്ത ഫോൺ കോളുകളുടെ ലിസ്റ്റും അന്വേഷണ സംഘം കൈവശം വച്ചിരുന്നു. ആരൊക്കെ വിളിച്ചിട്ടുണ്ടെന്നതിൽ വ്യക്തത വരുത്താനായിരുന്നു ഉദ്യോഗസ്ഥരുടെ ശ്രമം.
കേസിൽ പെട്രോൾ പമ്പ് ഉടമ ടി വി പ്രശാന്തന്റെ മൊഴി, അന്വേഷണ സംഘം ഇന്നലെ രേഖപ്പെടുത്തിയിരുന്നു. നവീൻ ബാബുവിന്റെ മരണത്തിൽ ആദ്യമായാണ് പ്രശാന്തന്റെ മൊഴി അന്വേഷണം സംഘം രേഖപ്പെടുത്തിയത്. നവീൻ ബാബുവിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയതും പെട്രോൾ പമ്പിന് അപേക്ഷ നൽകിയതും താനാണെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് പ്രശാന്തൻ.
തനിക്ക് രണ്ട് ഒപ്പുകളുണ്ടെന്നാണ് പ്രശാന്തൻ പറയുന്നത്. എന്നാൽ പരാതിയിലും അപേക്ഷയിലും വ്യത്യസ്ത പേരുകൾ എങ്ങനെ വന്നുവെന്ന് വ്യക്തമാക്കാൻ തയ്യാറാവാത്ത പ്രശാന്തൻ മാദ്ധ്യമങ്ങളോട് കയർക്കുകയും ചെയ്തിരുന്നു.















