പുഷ്പ 2-ന് വേണ്ടി കാത്തിരിക്കുന്ന അല്ലു അർജുൻ ആരാധകരെ ആവേശത്തിലാക്കി രശ്മിക മന്ദാനയുടെ വാക്കുകൾ. പുഷ്പ -2 പ്രേക്ഷകരെ അതിശയിപ്പിക്കുമെന്നും ഞെട്ടാൻ തയാറായിക്കൊള്ളൂവെന്നും രശ്മിക ഇൻസ്റ്റഗ്രാമിലൂടെ പറഞ്ഞു. ഡബ്ബിംഗ് സ്റ്റുഡിയോയിൽ നിന്നുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് രശ്മിക പ്രേക്ഷകരുടെ ആകാംക്ഷ ഉയർത്തിയത്.
‘സന്തോഷവും കളിചിരികളും അവസാനിപ്പിച്ച് നമുക്ക് കാര്യത്തിലേക്ക് കടക്കാം. പുഷ്പ- 2ന്റെ ചിത്രീകരണം ഏകദേശം പൂർത്തിയായിരിക്കുകയാണ്. ചിത്രത്തിന്റെ ആദ്യ പകുതിയുടെ ഡബ്ബിംഗ് കഴിഞ്ഞു. ഇപ്പോൾ രണ്ടാം പകുതിയുടെ ഡബ്ബിംഗാണ് നടക്കുന്നത്. ചിത്രത്തെ കുറിച്ച് പറയാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല. തികച്ചും അത്ഭുതകരമായ അനുഭവമാണ് ആദ്യം പകുതി കണ്ടപ്പോൾ എനിക്ക് ലഭിച്ചത്. ഇനിയും കാത്തിരിക്കാൻ എനിക്ക് കഴിയുന്നില്ല’- എന്നാണ് രശ്മിക ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
ഡബ്ബിംഗ് സ്റ്റുഡിയോയിൽ നിന്നുള്ള രണ്ട് ചിത്രങ്ങളും രശ്മിക പങ്കുവച്ചിട്ടുണ്ട്. വരുന്ന 17-നാണ് സിനിമയുടെ ട്രെയിലർ പുറത്തിറങ്ങുന്നത്. 600 കോടി രൂപയ്‌ക്കാണ് ചിത്രത്തിന്റെ തിയേറ്റർ അവകാശം വിറ്റഴിച്ചത്. റിലീസിന് മുന്നോടിയായി പ്രീ സെയിലിൽ 1,085 കോടി രൂപയും ചിത്രം സ്വന്തമാക്കി. E4 എന്റർടൈൻമെന്റ്സാണ് ചിത്രം കേരളത്തിൽ എത്തിക്കുക.