രാമേശ്വരം: പുതിയ പാമ്പൻ പാലത്തിലൂടെയുള്ള ട്രെയിനിന്റെ അതിവേഗ പരീക്ഷണ ഓട്ടം വിജയം. ദക്ഷിണ മേഖലാ റെയിൽവേ സുരക്ഷാ കമ്മീഷണർ എ.എം. ചൗധരിയുടെ മേൽനോട്ടത്തിൽ രണ്ട് ദിവസമായാണ് പരിശോധന നടന്നത്. മണ്ഡപം- പാമ്പൻ റെയില്‍വേ സ്റ്റേഷനുകൾക്കിടയിലാണ് ട്രെയിൻ ഓടിച്ചത്. ഈ മാസം അവസാനത്തോടെ പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി നേരിട്ടെത്തി ഉദ്ഘാടനം നിർവഹിക്കുമെന്നാണ് സൂചന.
ദിവസങ്ങൾക്ക് മുമ്പാണ് ഓവർഹെഡ് മെയിൻ്റനൻസ് സിസ്റ്റം (ഒഎംഎസ്) എഞ്ചിൻ ഉപയോഗിച്ചുള്ള പരീക്ഷണ ഓട്ടം നടന്നത്. മണ്ഡപം-രാമേശ്വരം സെക്ഷനിൽ മണിക്കൂറിൽ 121 കിമീ വേഗതയിലും പാലത്തിലൂടെ 80 കിമീ വേഗതയിലും ഒഎംഎസ് എഞ്ചിൻ കുതിച്ച് പാഞ്ഞത്. ഇതിന് പിന്നാലെയാണ് ട്രെയിനിന്റെ അതിവേഗ പരീക്ഷണ ഓട്ടം.
Shri A.M. Chowdhary, Commissioner of Railway Safety, Southern Circle, Bengaluru conducted a high-speed trial between Pamban and Mandapam, marking a milestone as this engineering marvel, the New Pamban Bridge, nears commissioning #SouthernRailway pic.twitter.com/AXA8y20lTy
— Southern Railway (@GMSRailway) November 14, 2024
ആധുനിക എഞ്ചിനിയറിംഗ് വിസ്മയമായ പാമ്പൻ പാലത്തിന്റെ നിർമ്മാണത്തിന് 535 കോടി രൂപയാണ് കേന്ദ്രസർക്കാർ ചെലവഴിച്ചത്. 2019ൽ പ്രധാനമന്ത്രിയാണ് പാലത്തിന് തറക്കല്ലിട്ടത്. പാമ്പൻ ദ്വീപിനെയും രാമേശ്വരത്തെയും വൻകരയുമായി ബന്ധിപ്പിക്കുന്ന പാലത്തിന് 2.05 കിലോമീറ്ററാണ് ദൈർഘ്യം. ഇന്ത്യൻ റെയിൽവേയുടെ എൻജിനിയറിങ് വിഭാഗമായ റെയിൽ വികാസ് നിഗം ലിമിറ്റഡാണ് നിർമാണത്തിന് ചുക്കാൻ പിടിച്ചത്. 18.3 മീറ്റർ നീളമുള്ള 200 സ്പാനുകളാണ് ഉള്ളത്. കപ്പലുകളും ബോട്ടുകളും പോകുമ്പോൾ പാലത്തിന്റെ നടുഭാഗം ഉയരുന്ന തരത്തിലാണ് നിർമ്മാണം.പുതിയ പാലത്തിന് സമുദ്രനിരപ്പിൽ നിന്ന് 22 മീറ്റർ എയർ ക്ലിയറൻസ് ഉണ്ട്, പഴയ പാലത്തിൽ 19 മീറ്ററായിരുന്നു ക്ലിയറൻസ്.















