റാഞ്ചി: കോൺഗ്രസിനെയും ജെഎംഎമ്മിനെയും കടന്നാക്രമിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പാവപ്പെട്ട ജനങ്ങളെ കൊള്ളയടിച്ച് തെറ്റായ പാതയിലേക്ക് നയിക്കുന്ന സമീപനങ്ങളാണ് ഝാർഖണ്ഡിൽ ഭരണകക്ഷിയായ ജെഎംഎമ്മും കോൺഗ്രസും സ്വീകരിക്കുന്നതെന്ന് യോഗി ആദിത്യനാഥ് തുറന്നടിച്ചു. ആർജെഡിയുടെ നയങ്ങളെയും അദ്ദേഹം വിമർശിച്ചു. ഝാർഖണ്ഡിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” പാവപ്പെട്ട ജനങ്ങളെ കോൺഗ്രസും ജെഎംഎമ്മും ചേർന്ന് കൊള്ളയടിക്കുകയാണ്. ആർജെഡിയും ഇതിന് കൂട്ടുനിൽക്കുന്നു. ഝാർഖണ്ഡിനെ നക്സലുകളുടെ താവളമാക്കാനാണ് അവർ ശ്രമിക്കുന്നത്. നക്‌സലുകളുടെ കൊള്ളയ്‌ക്കും ആക്രമണങ്ങൾക്കും പിന്തുണ നൽകുന്നത് ആരാണെന്ന് ജനങ്ങൾ ചിന്തിക്കണം. ബിജെപി ജനങ്ങൾക്കായാണ് പ്രവർത്തിക്കുന്നത്. കൊള്ളയടിക്കുന്നവരിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണ്’- യോഗി ആദിത്യനാഥ് പറഞ്ഞു.
ഭരണകക്ഷികളായ ജെഎംഎം ഒരു വശത്ത് ജനങ്ങളെ കൊള്ളയടിക്കുകയും മറുവശത്ത് നക്‌സലുകൾക്ക് സംരക്ഷണം ഒരുക്കുകയും ചെയ്യുന്നു. വോട്ടുബാങ്കുകൾ ലക്ഷ്യമിട്ട് നുഴഞ്ഞുകയറ്റക്കാരെ അവർ ഝാർഖണ്ഡിലേക്ക് സ്വാഗതം ചെയ്യുന്നു. പ്രധാനമന്ത്രിയുടെ കീഴിൽ ഇന്ത്യ അതിവേഗം വികസിക്കുമ്പോഴും ജെഎംഎമ്മിന്റെ കീഴിൽ ഝാർഖണ്ഡ് തെറ്റായ ദിശയിലേക്കാണ് സഞ്ചരിക്കുന്നത്.
ഉത്തർപ്രദേശിൽ ഡബിൾ എഞ്ചിൻ സർക്കാരാണുള്ളത്. ഉത്തർപ്രദേശിലുണ്ടായ മാറ്റങ്ങളും വികസനങ്ങളും എന്തെല്ലാമാണെന്ന് ജനങ്ങൾക്കറിയാം. അത്തരത്തിൽ ഝാർഖണ്ഡിലും ഡബിൾ എഞ്ചിൻ സർക്കാർ രൂപീകരിക്കാൻ ജനങ്ങൾ മുൻകൈ എടുക്കണം. രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം ഉയർത്തണമെന്നും ജനങ്ങളെ കൊള്ളയടിക്കുന്നവരെ പരാജയപ്പെടുത്തണമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.















