തിരുവനന്തപുരം: കനത്ത മഴയിൽ ശിശുദിന റാലി സംഘടിപ്പിച്ച് നെയ്യാറ്റിൻകര നഗരസഭ. നെയ്യാറ്റിൻകര എസ്. എൻ ഓഡിറ്റോറിയത്തിൽ നിന്നും ബോയ്സ് സ്കൂൾ വരെ നടത്തിയ റാലിയിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തിരുന്നു. മഴ കനത്തതോടെ വിദ്യാർത്ഥികൾ നനഞ്ഞുകുളിച്ചു.
നെയ്യാറ്റിൻകര നഗരസഭയുടെ കീഴിലുള്ള വിവിധ സ്കൂളുകളിലെ കുട്ടികളെയാണ് റാലിയിൽ പങ്കെടുപ്പിച്ചത്. പരിപാടി രാവിലെ നടത്താമെന്ന് രക്ഷിതാക്കളും അദ്ധ്യാപകരും ആവശ്യപ്പെട്ടെങ്കിലും സംഘാടകർ വിസമ്മതിക്കുകയായിരുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്.
വൈകിട്ട് മഴ പെയ്യാൻ സാധ്യതയുള്ളതായി അദ്ധ്യാപകർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇടിമിന്നലോട് കൂടിയ മഴ തുടരുന്നതിനാൽ പരിപാടി രാവിലെ നടത്താത്തതിലും നഗരസഭയ്ക്കെതിരെ വിമർശനങ്ങൾ ഉയരുകയാണ്. മഴയത്തും പരിപാടി നിർത്താതെ കുട്ടികളെ നടത്തിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ സംഭവത്തിൽ പ്രതികരിക്കാൻ നഗരസഭ തയ്യാറായില്ല.