ന്യൂഡൽഹി: ജമ്മുകശ്മീരിൽ ആർട്ടിക്കിൾ 370 പിൻവലിച്ചതിന് ശേഷം ഭീകരപ്രവർത്തനങ്ങളിൽ 70 ശതമാനം കുറവ് രേഖപ്പെടുത്തിയെന്ന് റിപ്പോർട്ട്. ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജമ്മുകശ്മീരിലെ നിലവിലെ സുരക്ഷാ സാഹചര്യത്തെക്കുറിച്ചും താഴ്വരയിലുണ്ടായ നേട്ടങ്ങളും വെല്ലുവിളികളുമാണ് ഗോവിന്ദ് മോഹൻ വിശദീകരിച്ചത്.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കശ്മീരിലെ ഭീകരപ്രവർത്തനങ്ങൾ വൻതോതിൽ കുറഞ്ഞുവെന്നും സാധാരണക്കാർക്ക് നേരെയുള്ള ആക്രമണങ്ങളിൽ കുറവ് രേഖപ്പെടുത്തിയതായും പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ഗോവിന്ദ് മോഹൻ പറയുന്നു. ഭീകരാക്രമണങ്ങളിലും ഭീകരപ്രവർത്തനങ്ങളിലും കുറവുണ്ടെങ്കിലും സാധാരണക്കാർക്ക് നേരെ ഇപ്പോഴും ആക്രമണങ്ങളുണ്ടാകുന്നത് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2019ൽ 50 പ്രദേശവാസികളാണ് വിവിധ ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ഇക്കൊല്ലം ജീവൻ നഷ്ടപ്പെട്ടത് 14 പേർക്കാണ്. എന്നാൽ കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലാണിത്. 2023ൽ ഇതേസമയം രേഖപ്പെടുത്തിയ കണക്ക് 5 ആയിരുന്നുവെന്നും ആഭ്യന്തരമന്ത്രാലയം സൂചിപ്പിച്ചു. 2019ൽ സാധാരണക്കാർക്ക് നേരെയുണ്ടായ ആക്രമണങ്ങളുടെ എണ്ണം 73 ആയിരുന്നു. എന്നാൽ ഇക്കൊല്ലം ഇത് 10 ആയി കുറഞ്ഞുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട് 286 കേസുകളാണ് 2019ൽ റിപ്പോർട്ട് ചെയ്തതെങ്കിൽ ഇക്കൊല്ലം ഇതുവരെ 40 കേസുകൾ മാത്രമാണുണ്ടായത്. സുരക്ഷാസേനയ്‌ക്കെതിരെ 96 ആക്രമണങ്ങൾ ഉണ്ടായതിൽ നിന്നും അഞ്ചിലേക്ക് ചുരുങ്ങി. വീരമൃത്യു വരിച്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണത്തിലും വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രനേഡ് ആക്രമണങ്ങളും നുഴഞ്ഞുകയറ്റ ശ്രമങ്ങളും സമാനരീതിയിൽ കുറഞ്ഞിട്ടുണ്ട്.















