മലപ്പുറം; മുനമ്പത്തെ അറുന്നൂറിലധികം കുടുംബങ്ങളെ സ്വന്തം കിടപ്പാടം സംരക്ഷിക്കാനായി തെരുവിൽ സമരത്തിലേക്ക് വലിച്ചിട്ടത് ഇടത് സർക്കാരിന്റെ ഇടപെടലെന്ന് തെളിവുകൾ. വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് 2008 ൽ നിയോഗിച്ച നിസാർ കമ്മീഷനാണ് ഭൂമി തിരിച്ചുപിടിക്കണമെന്ന് സർക്കാരിന് റിപ്പോർട്ട് നൽകിയത്. സിപിഎം നേതാവ് ടി.കെ ഹംസ വഖ്ഫ് ബോർഡ് ചെയർമാനായിരിക്കെയാണ് ഭൂമി തിരിച്ചുപിടിക്കാൻ നോട്ടീസ് അയച്ചു തുടങ്ങിയതെന്നും വഖ്ഫ് ബോർഡ് മുൻ ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ പറഞ്ഞു.
മുനമ്പത്തെ ജനങ്ങളെ കുടിയൊഴിപ്പിക്കില്ലെന്ന് മുഖ്യമന്ത്രിയും സിപിഎമ്മും വാക്കാൽ ആവർത്തിക്കുന്നതിനിടെയാണ് പ്രതിസന്ധിക്ക് മൂലകാരണം മുൻ ഇടത് സർക്കാരിന്റെ പിടിപ്പുകേടാണെന്ന വിവരം പുറത്തുവരുന്നത്.
2008 കാലഘട്ടത്തിലാണ് അച്യുതാനന്ദൻ സർക്കാർ നിസാർ കമ്മീഷനെ നിയോഗിക്കുന്നത്. 2009 ൽ കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് നൽകി. 2010 ൽ സ്വത്തുക്കൾ തിരിച്ചുപിടിക്കാൻ സർക്കാർ തീരുമാനമെടുത്തു. അതിനെതിരെ അവിടെ താമസിക്കുന്ന ആളുകൾ ഹൈക്കോടതിയിൽ പരാതി നൽകി. എന്നാൽ സർക്കാർ റിപ്പോർട്ടും കമ്മീഷൻ റിപ്പോർട്ടും പരിഗണിച്ച ഹൈക്കോടതി 2016 ൽ ഭൂമി തിരിച്ചുപിടിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.
ഹൈക്കോടതി നിർദ്ദേശം നൽകിയെങ്കിലും താൻ ചെയർമാനായിരുന്ന കാലത്ത് ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിച്ചില്ലെന്ന് പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ പറഞ്ഞു. ഹൈക്കോടതി തീരുമാനം ബോർഡ് അംഗീകരിച്ചെങ്കിലും നോട്ടീസ് നൽകാതെ പെൻഡിംഗിൽ വെച്ചു. കോടതിയലക്ഷ്യ നടപടി വന്നിട്ടും ആളുകളെ കുടിയൊഴിപ്പിക്കാനോ സ്ഥലം തിരിച്ചുപിടിക്കാനോ തന്റെ കാലത്ത് നോട്ടീസ് നൽകിയില്ല. അത് നൽകിയത് പിന്നീട് ടികെ ഹംസയുടെ കാലത്താണെന്ന് അദ്ദേഹം പറഞ്ഞു.
പിന്നീട് വന്ന ഉമ്മൻചാണ്ടി സർക്കാരും ഇതിൽ കൃത്യമായി ഇടപെടൽ നടത്തിയില്ല. വീണ്ടും ഇടത് സർക്കാർ വന്നപ്പോൾ കൂടുതൽ നടപടിയുമായി മുന്നോട്ടുപോകുകയായിരുന്നു. ഇപ്പോഴും സംസ്ഥാന സർക്കാർ വിചാരിച്ചാൽ മാനുഷീക പരിഗണന വച്ച് ഈ വിഷയം പരിഹരിക്കാവൂന്നതേയുളളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.















