കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടയെല്ല് പൊട്ടി, ചികിത്സക്കെത്തിയ യുവാവിന്റെ ശസ്ത്രക്രിയ മാറ്റിവച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ഒരാഴ്ചയ്‌ക്കകം വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആശുപത്രി സൂപ്രണ്ടിനോട് കമ്മീഷൻ നിർദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് സൂപ്രണ്ടിന് കത്തയക്കുകയും ചെയ്തിട്ടുണ്ട്.
നാദാപുരം ചെക്യാട് ഓഡോറ നന്ദനത്തിൽ അശ്വിന്റെ ശസ്ത്രക്രിയയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ മാറ്റിവച്ചത്. അടിയന്തര ശസ്ത്രക്രിയയാണ് മൂന്ന് ദിവസത്തേക്ക് മാറ്റിയത്. ശസ്ത്രക്രിയ അവസാന നിമിഷം മാറ്റിവച്ചതിനെ തുടർന്ന് യുവാവിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് മജ്ജ രക്തത്തിലേക്കിറങ്ങി. ഇതോടെ യുവാവിന്റെ നില ഗുരുതരമാവുകയായിരുന്നു.
മെഡിക്കൽ കോളേജിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാലാണ് ശസ്ത്രക്രിയ അവസാന സമയം മാറ്റിവച്ചതെന്നാണ് ബന്ധുക്കളുടെ പരാതിയിൽ പറയുന്നത്. ആരോഗ്യവകുപ്പ് മന്ത്രിക്കും ഇവർ പരാതി നൽകിയിരുന്നു. ശസ്ത്രക്രിയ വൈകിയാൽ ജീവൻ അപകടത്തിലാകുമെന്നതിനാൽ പിന്നീട് സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച കോയമ്പത്തൂരിൽ നടന്ന മിലിട്ടറി റിക്രൂട്ട്മെന്റ് റാലിക്കിടെയാണ് അശ്വിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റത്.
ആദ്യം കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും പിന്നീട് അവിടെ നിന്ന് കോഴിക്കോടേക്ക് കൊണ്ടുവരികയുമായിരുന്നു. തുടയെല്ല് പൊട്ടി മജ്ജ രക്തത്തിൽ കലരാൻ തുടങ്ങിയാൽ പക്ഷാഘാതത്തിനോ ജീവൻ തന്നെ അപകടത്തിലാകാനോ സാദ്ധ്യതയുണ്ട്. ടാക്‌സി ഡ്രൈവറായ അശ്വിന്റെ പിതാവ് വൃക്ക രോഗി കൂടിയാണ്. ചികിത്സയ്‌ക്ക് വേണ്ടിവരുന്ന ഭാരിച്ച സാമ്പത്തിക ചിലവ് കണക്കിലെടുത്താണ് മെഡിക്കൽ കോളേജിനെ ആശ്രയിച്ചത്.