തൃശൂർ: തളിക്കുളം ഹഷിത കൊലക്കേസിൽ പ്രതിയായ ഭർത്താവ് മുഹമ്മദ് ആസിഫ്(35) കുറ്റക്കാരനെന്ന് കണ്ടെത്തി അഡീഷണൽ ഡിസ്ട്രിക് സെഷൻസ് കോടതി. വിധി നാളെ പറയും. 2022 ഓഗസ്റ്റ് 20-നായിരുന്നു നടുക്കിയ സംഭവം. രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ച് കിടന്ന ഹഷിതയെയാണ്(27) പ്രതി വെട്ടിക്കാെലപ്പെടുത്തിയത്.
പ്രസവം കഴിഞ്ഞിട്ട് 18 ദിവസമായപ്പോഴായിരുന്നു ആക്രമണം. ഹഷിതയുടെ വീട്ടിലെത്തിയ പ്രതി മുറിയിൽ കയറി ഒളിച്ചുകൊണ്ടു വന്ന വാൾ ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു. തടയാനെത്തിയത ഹഷിതയുടെ പിതാവ് നൂറുദ്ദീനും വെട്ടേറ്റു. കൃത്യത്തിന് ശേഷം കടപ്പുറം വഴിയാണ് ഇയാൾ രക്ഷപ്പെട്ടത്. കുടുംബ വഴക്കിനെ തുടർന്നായിരുന്നു ആക്രമണം.
വെട്ടേറ്റ് ചികിത്സയിലിരുന്ന യുവതി പിറ്റേന്ന് ആശുപത്രിയിൽ മരിച്ചു. മാതൃസഹോദരിയുടെ വിവാഹം ക്ഷണിക്കാനാണ് മാതാവിനും മാതൃസഹോദരിക്കുമൊപ്പം ഇയാള്‍ ഹഷിതയുടെ വീട്ടിലെത്തിയത്. മറ്റുള്ളവര്‍ പുറത്തിറങ്ങിയപ്പോഴാണ് ആസിഫ് മുറിയില്‍ കയറി ആക്രമണം നടത്തിയത്. 50 ദിവസങ്ങൾക്ക് ശേഷമാണ് പ്രതിയെ പിടികൂടിയത്. അന്നത്തെ കൊടുങ്ങല്ലൂർ എസിപി ആയിരുന്ന സലീഷ് ശങ്കരന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കേസിൽ 58 സാക്ഷികളെയും 97 രേഖകളും 27 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു.















