കണ്ണൂർ: മലയാംപടിയിൽ നാടകസംഘം സഞ്ചരിച്ച മിനിബസ് മറിഞ്ഞ് രണ്ട് പേർക്ക് ദാരുണാന്ത്യം. കായംകുളം സ്വദേശി അഞ്ജലി, കരുനാഗപ്പള്ളി സ്വദേശി ജെസി മോഹൻ എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം നടന്നത്.
രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയിൽ നിന്നും ബത്തേരിയിലേക്ക് പോകുന്ന വഴിയായിരുന്നു മിനിബസ് മറിഞ്ഞത്. ദേവ കമ്യൂണിക്കേഷൻ കായംകുളം എന്ന നാടകസംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.
മലയാംപടിയിൽ കുത്തനെയുള്ള കയറ്റം കയറുന്നതിനിടെ ബസിന്റെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പുലർച്ചെയായതിനാൽ അപകടം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടാൻ വൈകിയതും അപകടത്തിന്റെ ആക്കം കൂട്ടി. 14 പേരായിരുന്നു ബസിലുണ്ടായിരുന്നത്.
ഇതിൽ 9 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി നാട്ടുകാർ പറഞ്ഞു. ബസിലുണ്ടായിരുന്ന മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല.















