മുംബൈ: കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദാരിദ്ര്യനിർമാർജനത്തിന്റെ പേരിൽ കോൺഗ്രസ് പാവപ്പെട്ട ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് പ്രധാനമന്ത്രി വിമർശിച്ചു. വ്യാഴാഴ്ച മഹാരാഷ്‌ട്രയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
” പാവപ്പെട്ടവരെ പാവപ്പെട്ടവരായി നിലനിർത്തുകയെന്നതാണ് കോൺഗ്രസിന്റെ ലക്ഷ്യം. തലമുറകളായി അവർ ഈ പാതയിൽ സഞ്ചരിക്കുന്നവരാണ്. ദാരിദ്ര്യനിർമാർജനത്തിന്റെ പേരിൽ കോൺഗ്രസ് പാവപ്പെട്ട ജനങ്ങളെ കൊള്ളയടിക്കുകയാണ്. രാജ്യത്തെ ചില സംസ്ഥാനങ്ങളിൽ മാത്രമായി കോൺഗ്രസ് ഒതുങ്ങിപ്പോയി. അതിനാൽ അധികാരം തിരിച്ചു പിടിക്കുന്നതിനായി എന്തും ചെയ്‌തേക്കാം. വോട്ടുബാങ്ക് മാത്രമാണ് അവരുടെ ലക്ഷ്യം.”- പ്രധാനമന്ത്രി പറഞ്ഞു.
നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്ന നയമാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. കുറഞ്ഞ നിരക്കിൽ ഗ്യാസ് സിലിണ്ടർ നൽകാമെന്ന് പറഞ്ഞ് ജനങ്ങളെ വഞ്ചിക്കുകയാണ്. വോട്ടുകൾക്കായി രാജ്യത്തെ യുവാക്കളുടെയും കുട്ടികളുടെയും ഭാവി നശിപ്പിക്കുന്ന കാര്യങ്ങളാണ് കോൺഗ്രസ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹായുതി സർക്കാരും കേന്ദ്രസർക്കാരും ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നു. മഹാരാഷ്‌ട്രയിൽ മഹായുതി സർക്കാർ നടപ്പിലാക്കുന്ന വികസന പദ്ധതികൾ ഒരു കാലത്തും കോൺഗ്രസിന് നടപ്പിലാക്കാൻ സാധിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. നവംബർ 20 നാണ് മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പ്. 23ന് വോട്ടെണ്ണലും നടക്കും.















