എറണാകുളം: രാത്രികളിൽ മുഖംമൂടി ധരിച്ചെത്തി വീടുകളിൽ മോഷണ ശ്രമം. എറണാകുളം വടക്കൻ പറവൂർ തൂയിത്തുറയിലാണ് സംഭവം. ആറ് വീടുകളിലാണ് മോഷണ സംഘം എത്തിയത്. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പൊലീസ് എത്തി പ്രദേശത്ത് പ്രാഥമിക അന്വേഷണം നടത്തി.
വീടുകളിലെ പിൻവാതിലുകൾ സംഘം തകർക്കാൻ ശ്രമിച്ചതായും കണ്ടെത്തിയിട്ടുണ്ട്. പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണ്. സംഘത്തിന്റെ കൈവശം ആയുധങ്ങൾ ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കുറുവ സംഘമാണോ എന്നാണ് നാട്ടുകാരുടെ ആശങ്ക.
ആലപ്പുഴയിൽ കഴിഞ്ഞ ദിവസം കുറുവ സംഘമെന്ന് സംശയിക്കുന്നവർ മോഷണം നടത്തിയിരുന്നു. മണ്ണഞ്ചേരി പഞ്ചായത്തിലെ രണ്ട് വാർഡുകളിലാണ് കുറുവ സംഘം എത്തിയത്. രണ്ട് വീടുകളിൽ സംഘം കവർച്ച നടത്തിയതായാണ് പരാതി. വാതിൽ പൊളിച്ച് വീട്ടിനകത്ത് കയറിയ മോഷ്ടാക്കൾ വീട്ടമ്മയുടെ മാല കവർന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് എറണാകുളത്ത് സമാന സംഭവം ഉണ്ടായിരിക്കുന്നത്.