ജോലി സമ്മർദ്ദം അനുഭവിക്കുന്നരുടെ പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് രാത്രികളിലുള്ള ഷിഫ്റ്റുകൾ. കൃത്യമായി ഉറക്കം ലഭിക്കാതെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന നിരവധി പേരാണ് നമ്മുടെ കൂട്ടത്തിലുള്ളത്. നൈറ്റ് ഷിഫ്റ്റുകൾ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് വഴിവയ്‌ക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യങ്ങൾ അറിഞ്ഞോളൂ..
ഉറക്ക കുറവ് മൂലമുള്ള രോഗങ്ങൾ
രാത്രി ഉറക്കമൊഴിച്ച് ജോലി ചെയ്യുന്നത് ഹൃദ്രോഗത്തിലേക്ക് വഴി വയ്‌ക്കുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. ദിവസവും കൃത്യമായ ഉറക്കം നമ്മുടെ ശരീരത്തിനാവശ്യമാണ്. ഇതിൽ താളപ്പിഴവുകൾ സംഭവിക്കുമ്പോൾ ശരീരം അതുമായി പൊരുത്തപ്പെടാതെ വരുന്നു. ഉയർന്ന സമ്മർദ്ദത്തിന് വഴിവയ്‌ക്കുകയും ഇത് ഹൃദ്രോഗത്തിന് കാരണമാകുകയും ചെയ്യുന്നു. കൂർക്കം വലി, പകൽ സമയങ്ങളിലെ ഉറക്കം, അലസത, ഉന്മേഷക്കുറവ് തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണ്.
ദഹനനാള രോഗങ്ങൾ
ഉറക്കമൊഴിച്ചുള്ള ജോലികൾ ദഹനനാളവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. വയറിന്റെ അസ്വസ്ഥതയ്‌ക്കും വയറുവേദനയ്‌ക്കും ഇത് വഴിവയ്‌ക്കും. നൈറ്റ് ഷിഫ്റ്റുകളിലെ ഉറക്കം ഒഴിവാക്കുന്നതിനായി കാപ്പി, ചായ പോലുള്ള കഫൈൻ ധാരാളം അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നവരിൽ അസിഡിറ്റി പോലുള്ള രോഗങ്ങളും കണ്ടുവരുന്നു. ഇത് കാൻസറിലേക്ക് വരെ നയിച്ചേക്കാം.
ഉപാപചയ പ്രവർത്തനങ്ങളിൽ തകരാറ്
കൃത്യമായി ഭക്ഷണം കഴിക്കാത്തതും കൃത്യമായി ഉറങ്ങാത്തതും ഉപാപചയ പ്രവർത്തനങ്ങളിൽ തകരാറുണ്ടാക്കുകയും ഇത് ഹോർമോൺ വ്യതിയാനങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. കൃത്യമായ ഡയറ്റോ, വ്യായാമമോ ഇല്ലാതെ വരുമ്പോൾ അനാരോഗ്യകരമായ ജീവിതത്തിലേക്ക് നയിക്കുന്നു. ജീവിതശൈലി രോഗങ്ങളിലേക്കും മറ്റ് മാരക രോഗങ്ങളിലേക്കും വഴിവയ്‌ക്കുന്നതിന് ഇത് കാരണമായോക്കാം..