സ്വർണാഭരണങ്ങളുടെ പരിശുദ്ധി ഉറപ്പാക്കുന്ന മാനദണ്ഡമായ എച്ച്.യു.ഐ.ഡി (HUID) പ്രകാരം രാജ്യത്ത് ഇതുവരെ ഹോൾമാർക്ക് ചെയ്തത് 40 കോടിയിലധികം സ്വർണാഭരണങ്ങൾ. ഉപഭോക്താക്കളിൽ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കാൻ ഹോൾമാർക്കിംഗിന് സാധിച്ചതായി കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. നവംബർ അഞ്ച് മുതൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് നിർബന്ധിത ഹോൾമാർക്കിംഗിന്റെ നാലാം ഘട്ടം ആരംഭിച്ചു.
നാലാം ഘട്ടം കൂടി പൂർത്തിയാകുന്നതോടെ നിർബന്ധിത ഹോൾമാർക്കിംഗിന്റെ പരിധിയിൽ വരുന്ന മൊത്തം ജില്ലകളുടെ എണ്ണം 361 ആകും. 2021 ജൂൺ 23-നാണ് നിർബന്ധിത ഹോൾമാർക്കിംഗ് ആരംഭിച്ചത്. ആദ്യഘട്ടത്തിൽ 256 ജില്ലകളിലെ ജ്വല്ലറികൾക്ക് ഹോൾമാർക്കിംഗ് ലൈസൻസ് നൽകി. 2022 ഏപ്രിലിൽ രണ്ടാം ഘട്ടം ആരംഭിച്ചു. 32 ജില്ലകൾ കൂടി പട്ടികയിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടു. 2023 സെപ്റ്റംബർ ആറ് മുതൽ മൂന്നാം ഘട്ടവും നടപ്പാക്കി. 55 ജില്ലകളാണ് ഈ ഘട്ടത്തിൽ ഉൾപ്പെടുത്തിയതെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
പ്രതിദിനം നാല് ലക്ഷത്തിലധികം സ്വർണ ഇനങ്ങളാണ് ഹോൾമാർക്കിംഗ് നമ്പർ ഉപയോഗിച്ച് ഹോൾമാർക്ക് ചെയ്യുന്നത്. രജിസ്റ്റർ ചെയ്ത ജ്വല്ലറികളുടെ എണ്ണം 34,647 ൽ നിന്ന് 1,94,039 ആയി ഉയർന്നു. കേരളത്തിലെ ജ്വല്ലറികളെല്ലാം തന്നെ പരിശുദ്ധ സ്വർണമാണ് ലഭിക്കുന്നത്. രാജ്യത്ത് എച്ച്.യു.ഐ.ഡി മുദ്രയുള്ള സ്വർണാഭരണങ്ങൾ മാത്രം ലഭിക്കുന്ന ആദ്യ സമ്പൂർണ ഹോൾമാർക്കിഗ് സംസ്ഥാനമെന്ന നോട്ടം അടുത്തിടെയാണ് കേരളം സ്വന്തമാക്കിയത്.
പ്രതിദിനം കുറഞ്ഞത് 250-275 കോടി രൂപയുടെ സ്വർണാഭരണങ്ങൾ വിറ്റഴിയുന്ന സംസ്ഥാനമാണ് കേരളം. ഏകദേശം 12,000 ജ്വല്ലറികളാണ് സംസ്ഥാനത്തുള്ളത്. 105 ഹോൾമാർക്കിംഗ് സെൻ്ററുകളും കേരളത്തിൽ പ്രവർത്തിക്കുന്നു. ഒരു കോടിയിലേഓറെ ആഭരണങ്ങളിലാണ് കേരളത്തിൽ പ്രതിവർഷം ഹോൾമാർക്കിംഗ് മുദ്ര പതിപ്പിക്കുന്നത്.
ജ്വല്ലറിയിൽ നിന്ന് വാങ്ങുന്ന സ്വർണത്തിന്റെ പരിശുദ്ധി ഉറപ്പാക്കുന്ന മുദ്രയാണ് എച്ച്.യു.ഐ.ഡി. ബിഐഎസ് മുദ്ര, സ്വർണത്തിന്റെ പരിശുദ്ധി, ആൽഫാന്യൂമറിക് നമ്പർ എന്നിവ ചേരുന്നതാണ് എച്ച്.യു.ഐ.ഡി. ആഭരണ നിർമിച്ചത് എവിടെയാണെന്നും ഹോൾമാർക്കിംഗ് നടത്തിയത് എവിടെയാണ് എന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ ഇതിലൂടെ അറിയാം. ഓരോ സ്വർണാഭരണത്തിനും ഇത് വ്യത്യസ്തമായിരിക്കും.















