അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ വിഷ്ണു വിനയൻ സംവിധാനം ചെയ്ത ആനന്ദ് ശ്രീബാലയ്‌ക്ക് തിയേറ്ററിൽ വൻ വരവേൽപ്പ്. ആദ്യ ഷോ കഴിയുമ്പോൾ സിനിമയെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ പങ്കുവെക്കുന്നത്. ഒരു പെൺകുട്ടിയുടെ മിസ്സിംഗ് കേസും അതുമായി ബന്ധപ്പെട്ട കേസന്വേഷണവും പറയുന്ന ആനന്ദ് ശ്രീബാല സിനിമാസ്വാദകർ ഏറ്റെടുത്തുവെന്നാണ് ആദ്യ പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്.
ആനന്ദ് ശ്രീബാല അർജുൻ അശോകന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയാണെന്നും പ്രേക്ഷകർക്ക് ചിന്തിക്കാൻ സാധിക്കാത്ത രീതിയിലാണ് ചിത്രത്തിന്റെ കഥ പോകുന്നതെന്നുമാണ് പ്രേക്ഷകാഭിപ്രായം.” ഡ്രാമ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിൽ ഉൾപ്പെടുന്ന വളരെ നല്ല സിനിമയാണ് ആനന്ദ് ശ്രീബാല. പ്രേക്ഷകരെ ഒട്ടും ബോറടിപ്പിക്കുന്നില്ല. ചിത്രത്തിന്റെ സംവിധായകൻ വിനയൻ സാറിന്റെ മകനായതുകൊണ്ട് തന്നെ, സിനിമ ഗംഭീരമെന്ന് പറയാം. അഭിലാഷ് പിള്ളയുടെ തിരക്കഥയും മേക്കിംഗും നല്ലതായിരുന്നു. അർജുൻ അശോകന്റെ പ്രകടനം ശരിക്കും ഞെട്ടിച്ചു”.
“തിയേറ്ററിൽ എക്സീപിരിയൻസ് ചെയ്യേണ്ട സിനിമയാണിത്. കൃത്യമായ സന്ദേശം നൽകുന്ന രീതിയിൽ തന്നെയാണ് സംവിധായകൻ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്. ചിത്രത്തിന്റെ കാസ്റ്റിംഗിനെ കുറിച്ച് എടുത്തുപറയേണ്ടതുണ്ട്. കാരണം, എല്ലാ കഥാപാത്രങ്ങൾക്കും അനുയോജ്യമായ വേഷമാണ് നൽകിയിരിക്കുന്നത്. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിലെത്തിക്കാൻ സിനിമയ്‌ക്ക് സാധിച്ചു. പശ്ചാത്തല സംഗീതവും മനോഹരമായിരുന്നു”- പ്രേക്ഷകർ പറയുന്നു.
നടി സംഗീതയുടെ തിരിച്ചുവരവിനെ കുറിച്ചും പ്രേക്ഷകർ പ്രതികരിക്കുന്നുണ്ട്. അർജുൻ അശോകന്റെ കരയറിലെ ഏറ്റവും നല്ല സിനിമ എന്നാണ് പ്രേക്ഷകർ പറയുന്നത്. തിരക്കഥാകൃത്തിനെ കുറിച്ചും അഭിനേതാക്കളെ കുറിച്ചും മികച്ച അഭിപ്രായങ്ങളാണ് ആദ്യ മണിക്കൂറിൽ ലഭിക്കുന്നത്.















