തൃശൂർ: പൂരം നടത്തിപ്പിൽ കളക്ടർക്കെതിരെ ആഞ്ഞടിച്ച് തിരുവമ്പാടി ദേവസ്വം. തൃശൂർ പൂരം നടത്തിപ്പിൽ കളക്ടറുടെ ഭാഗത്ത് നിന്നും വലിയ വീഴ്ചയാണ് സംഭവിച്ചതെന്നും കളക്ടർ എത്തിയിരുന്നെങ്കിൽ പ്രശ്നം ഒത്തുതീർപ്പായേനെയെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ പറഞ്ഞു.
പൂരം കലക്കലുമായി ബന്ധപ്പെട്ട് ത്രിതല അന്വേഷണ സംഘത്തിന്റെ മൊഴിയെടുപ്പിലാണ് തിരുവമ്പാടി ദേവസ്വം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. രണ്ടാം തവണയാണ് സംഭവവുമായി ബന്ധപ്പെട്ട് തിരുവമ്പാടി ദേവസ്വത്തിന്റെ മൊഴി രേഖപ്പെടുത്തുന്നത്. റവന്യൂ വകുപ്പിന്റെ വീഴ്ചകൾ സംബന്ധിച്ചുള്ള വിശദ അന്വേഷണത്തിനാണ് പൊലീസ് വിവരങ്ങൾ ശേഖരിച്ചത്.
വെടിക്കെട്ട് നടക്കുന്ന സ്ഥലം പൊലീസ് അടച്ചപ്പോൾ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നില്ലെന്നും ഇതിനായി എസ്പിയെ വിളിച്ചപ്പോൾ ഫോൺ എടുത്തില്ലെന്നും തിരുവമ്പാടി ദേവസ്വം വ്യക്തമാക്കി. കളക്ടറെ വിളിച്ചപ്പോൾ എത്താമെന്ന് പറഞ്ഞെങ്കിലും രണ്ട് മണിക്കൂറോളം കാത്തുനിൽക്കേണ്ട സാഹചര്യമുണ്ടായി. എല്ലാ നിയമങ്ങളും ലംഘിച്ചുകൊണ്ടാണ് വഴി കെട്ടി അടച്ചത്. ഈ പ്രശ്നത്തിൽ കളക്ടർ ഇടപെട്ടില്ലെന്നും തിരുവമ്പാടി ദേവസ്വം മൊഴി നൽകിയിട്ടുണ്ട്.
പ്രശ്നം കൂടുതൽ വഷളായപ്പോഴാണ് നിയന്ത്രണങ്ങൾ പിൻവലിച്ചതെന്നും ഇത് നേരത്തെ ചെയ്തിരുന്നെങ്കിൽ പ്രശ്നങ്ങൾ ഉണ്ടാകില്ലായിരുന്നുവെന്നും തിരുവമ്പാടി ദേവസ്വം അന്വേഷണ സംഘത്തോട് പറഞ്ഞു.