പ്രേം നസീറിനെ മലയാള സിനിമ വേണ്ട രീതിയിൽ ഉപയോഗിച്ചിട്ടില്ലെന്ന് നടൻ മധു. പ്രേം നസീർ ചെയ്ത് ക്ലിക്കായ മോഡേൺ കഥാപാത്രങ്ങൾ മാത്രം അദ്ദേഹത്തിന് തുടർച്ചയായി കൊടുത്തെന്നും ഗംഭീര നടനായിട്ടും പ്രേം നസീർ ചട്ടകൂടിനുള്ളിൽ ഒതുങ്ങി പോയെന്നും മധു പറഞ്ഞു. പതിറ്റാണ്ടുകൾ നീണ്ട തന്റെ സിനിമാ ജീവിതത്തെ കുറിച്ച് സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവക്കുകയായിരുന്നു മധു.
ഞാൻ അഭിനയിച്ച പഴയ സിനിമകൾ കാണുമ്പോൾ മനസിന് വല്ലാത്ത വിഷമം തോന്നാറുണ്ട്. അന്ന് ഉണ്ടായിരുന്നവർ ഇന്നില്ലെന്ന് ആലോചിക്കുമ്പോൾ സഹിക്കാൻ കഴിയില്ല. സിനിമ ചെയ്യുമ്പോഴുള്ള ആ കാലമാണ് അപ്പോൾ മനസിലേക്ക് ഓടിവരുന്നത്. ഞാൻ സിനിമയേക്കാൾ കൂടുതൽ പ്രാധാന്യം നൽകുന്നത് കുടുംബത്തിനാണ്. അതുകൊണ്ട് ഷൂട്ടിംഗ് കഴിഞ്ഞ് നേരെ വീട്ടിലേക്കാണ് വരുന്നത്. പരിപാടികളിലൊന്നും പങ്കെടുക്കാറില്ല. ഇന്നും അങ്ങനെ തന്നെയാണ്.
700-ലധികം സിനിമകളിൽ പ്രേം നസീർ അഭിനയിച്ചെങ്കിലും മലയാള സിനിമ അദ്ദേഹത്തെ വേണ്ട രീതിയിൽ ഉപയോഗിച്ചിട്ടില്ല. വ്യത്യസ്ത കഥാപാത്രങ്ങൾ അഭിനയിക്കാനുള്ള കഴിവ് ഉണ്ടായിട്ടും മോഡേൺ കഥാപാത്രങ്ങൾ മാത്രമാണ് അദ്ദേഹത്തിന് നൽകിയത്. വളരെ ചുരുക്കം സിനിമകളിൽ മാത്രമാണ് പ്രേം നസീർ സാധാരണ വേഷം ചെയ്തിട്ടുള്ളൂ.
സത്യൻ മാഷിനെ ഗുരുസ്ഥാനത്താണ് ഞാൻ കണ്ടിട്ടുള്ളത്. അദ്ദേഹത്തിന് അഭിനയത്തോട് വലിയ ആവേശമായിരുന്നു. ജീവിതത്തിൽ ഒരുപാട് കഥാപാത്രങ്ങൾ ചെയ്ത ആളാണ് സത്യൻ മാഷ്. ജീവിതം നല്ലതുപോലെ പഠിച്ചയാളാണ് അദ്ദേഹമെന്നും മധു പറഞ്ഞു.