ചന്ദ്രനിൽ മനുഷ്യവാസം സാധ്യമാകുമോയെന്ന് അറിയാനായി പുത്തൻ പരീക്ഷണത്തിനൊരുങ്ങി നാസ. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഗ്യാസ് പൈപ്പ്‌ലൈൻ സ്ഥാപിക്കാനാണ് അമേരിക്കൻ ഏജൻസി ലക്ഷ്യമിടുന്നത്. ‘ലൂണാർ സൗത്ത് പോൾ ഓക്സിജൻ പൈപ്പ്‌ലൈൻ’ (L-SPoP) എന്നാണ് ദൗത്യം അറിയപ്പെടുക.
2025 സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ആർട്ടെമിസ് 2 ദൗത്യത്തിന് കരുത്തേകാൻ ഇതിന് സാധിക്കും. നാല് പേരടങ്ങുന്ന സംഘം ചന്ദ്രനെ വലം വച്ചശേഷം ഭൂമിയിലേക്ക് തിരിച്ചെത്തുന്നതാണ് ആർട്ടെമിസ് 2 ദൗത്യം. ചാന്ദ്രോപരിതലത്തിൽ ആവശ്യമായ ഓക്സിജൻ ലഭ്യമാക്കാനും അപകടസാധ്യതകൾ കുറയ്‌ക്കാനും ഓക്സിജൻ പൈപ്പ്‌ലൈൻ സാധിക്കും.
ചന്ദ്രോപരിതലത്തിൽ നിന്ന് ഓക്സിജനും ലൂണാർ ഐസിൽ നിന്ന് വെള്ളം വേർത്തിരിച്ചെടുക്കാനുള്ള സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിന് നാസ ഇതിനോടകം തന്നെ നിക്ഷേപം നടത്തിയിട്ടുണ്ട്. ഓക്സിജൻ വേർത്തിരിച്ചെടുക്കുന്ന പ്രവർത്തനങ്ങൾ ഈ വർഷം തന്നെ ആരംഭിക്കുമെന്നാണ് വിലയിരുത്തൽ. കംപ്രസ് ചെയ്ത ഗ്യാസ് ടാങ്കുകളിലോ കുപ്പികളിലോ ആക്കി ദ്രവീകരിച്ച് സൂക്ഷിച്ചാണ് ഓക്സിജൻ വേർത്തിരിച്ചെടുക്കുക.
10 വർഷത്തിലേറെ ആയുസുള്ള പൈപ്പ്‌ലൈനുകളാകും നിർമിക്കുക. റോബോട്ടുകളുടെ സഹായത്തോടെ റെഗോലിത്തിൽ നിന്ന് ലഭിക്കുന്ന ലോഹങ്ങളും ലോഹസംയുക്തങ്ങളും ചേർത്താകും ഇവയുടെ നിർമാണം. മണിക്കൂറിൽ ഏകദേശം രണ്ട് കിലോ വരെയാണ് പ്രതീക്ഷിക്കുന്ന ഓക്സിജൻ ഫ്ലോ റേറ്റ്. ചാന്ദ്രോപരിതലത്തിൽ തന്നെ അഞ്ച് കിലോമീറ്റർ വ്യാസത്തിലാകും ഇത് നിർമിക്കുക.
ചന്ദ്രോപരിതലത്തിൽ നിന്ന് ലഭ്യമാകുന്ന അലുമിനിയം ഉപയോഗിച്ചാകും പൈപ്പുകൾ നിർമിക്കുക. ഉപരിതലത്തിലുള്ള സംഭരണികളിലേക്കോ ദ്രവീകരണ സംവിധാനങ്ങളിലേക്കോ ആകും ഓക്സിജൻ എത്തുക. ചന്ദ്രോപരിതലത്തിൽ ഇത്തരത്തിൽ ഗ്യാസ് പൈപ്പ്‌ലൈനുകൾ കടത്തിവിടുന്നതിന് ചെലവേറും.















