ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വൻ ലഹരിവേട്ട. 82.53 കിലോഗ്രാം കൊക്കെയ്നാണ് ഡൽഹിയിൽ നിന്ന് എൻസിബി (നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ) പിടികൂടിയത്. 900 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്നാണിത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്. ലഹരിമുക്ത ഇന്ത്യയെ പടുത്തുയർത്താൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പ്രതികരിച്ചു. ലഹരിക്കടത്ത് സംഘത്തിനെതിരെ നിഷ്കരുണം നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുജറാത്ത് എടിഎസും ഇന്ത്യൻ നേവിയും എൻസിബിയും ചേർന്ന് നടത്തിയ പ്രത്യേക ഓപ്പറേഷനിൽ ഗുജറാത്ത് തീരത്ത് നിന്ന് 700 കിലോ മെത്താംഫെറ്റമിൻ പിടിച്ചെടുത്തിരുന്നു. ഇറാനിയൻ ബോട്ടിൽ നിന്നാണ് ലഹരിവസ്തുക്കൾ പിടികൂടിയത്. ഇതിന് തൊട്ടുപിന്നാലെയാണ് 900 കോടിയുടെ ലഹരിവേട്ട. ഒന്നിന് പിറകെ ഒന്നായി വൻ ലഹരിവേട്ട നടത്തുന്ന എൻസിബിയുടെ നടപടികളെ കേന്ദ്ര ആഭ്യന്തരമന്ത്രി പ്രശംസിച്ചു. ഒറ്റദിവസം തന്നെ രണ്ട് വമ്പൻ ലഹരിക്കടത്താണ് എൻസിബി പിടികൂടിയത്. ലഹരിമുക്ത ഭാരതം കെട്ടിപ്പടുക്കാനുള്ള മോദി സർക്കാരിന്റെ ദൃഢനിശ്ചയമാണിത് ചൂണ്ടിക്കാട്ടുന്നതെന്നും അമിത് ഷാ പറഞ്ഞു.
ഡൽഹിയിലെ കൊറിയർ സെന്ററിൽ നിന്ന് ചെറിയ അളവിൽ കൊക്കെയ്ൻ കണ്ടെടുത്തിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് 900 കോടി വിലമതിക്കുന്ന കൊക്കെയ്ൻ വേട്ടയിൽ എത്തിച്ചതെന്ന് അധികൃതർ അറിയിച്ചു.















