ന്യൂയോർക്ക്: യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിസഭാ മുൻ അംഗമായ തുളസി ഗബ്ബാർഡിനെ അഭിനന്ദിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. തുളസി ഗബ്ബാർഡുമായി മുൻപ് നടത്തിയ ചില കൂടിക്കാഴ്ചകളെക്കുറിച്ചും നിർമ്മല സീതാരാമൻ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ” യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടറായി തെരഞ്ഞെടുപ്പെട്ട തുളസി ഗബ്ബാർഡിന് അഭിനന്ദനങ്ങൾ. 21 വർഷത്തോളം നിങ്ങൾ യുഎസ്എയ്‌ക്ക് വേണ്ടി സൈനികസേവനം നടത്തി, ആർമി റിസർവിൽ ലെഫ്.കേണലായി. പലപ്പോഴും അടുത്ത് ഇടപെടാനുള്ള അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. താങ്കളുടെ ആത്മാർത്ഥതയും അർപ്പണബോധവും കൃത്യതയുമെല്ലാം വളരെ മതിപ്പ് ഉളവാക്കിയിട്ടുണ്ട്. ആശംസകൾ അറിയിക്കുകയാണെന്നും” നിർമ്മല സീതാരാമൻ കുറിച്ചു.
ട്രംപിന്റെ ഏറ്റവും അടുത്ത അനുയായികളിലൊരാളായ തുളസി ഗബ്ബാർഡ് മുൻപ് ഡെമോക്രാറ്റിക് പാർട്ടി നേതാവായിരുന്നു. പുതിയ പദവിയിലെത്തുന്നതോടെ 18 രഹസ്യാന്വേഷണ ഏജൻസികളുടെ ഏകോപനത്തിന് തുളസി മേൽനോട്ടം വഹിക്കും. രഹസ്യാന്വേഷണ മേഖലയിൽ നിർഭയമായി പ്രവർത്തിക്കാൻ കഴിയുന്ന ആളാണെന്നും റിപ്പബ്ലിക്കൻ പാർട്ടിയുടെ അഭിമാനമാണെന്നുമാണ് തുളസി ഗബ്ബാർഡിനെ ഈ സ്ഥാനത്തേക്ക് നിയമിച്ച ശേഷം ട്രംപ് വിശേഷിപ്പിച്ചത്.
ഇന്റലിജൻസ് വിഭാഗത്തിൽ സേവനപരിചയമില്ലെങ്കിലും ഇരുപത് വർഷത്തിലേറെ യുഎസ് മിലിറ്ററിയിൽ സേവനമനുഷ്ഠിച്ചുവെന്ന അനുഭവ സമ്പത്തോടെയാണ് തുളസി നാഷണൽ ഇന്റലിജൻസ് ഡയറക്ടർ സ്ഥാനത്തേക്ക് എത്തുന്നത്. ആർമി നാഷണൽ ഗാർഡിൽ സേവനമനുഷ്ഠിച്ച സമയത്ത് ഇറാഖിലും കുവൈത്തിലും ഇവർ ജോലി ചെയ്തിട്ടുണ്ട്. ഹൗസ് ഹോംലാൻഡ് സെക്യൂരിറ്റി കമ്മിറ്റിയിലും രണ്ട് വർഷം സേവനമനുഷ്ഠിച്ചു. യുഎസ് പാർലമെന്റിലെ ഹിന്ദുമത വിശ്വാസിയായ ആദ്യ അംഗമാണ് തുളസി ഗബ്ബാർഡ്.















