ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഝാൻസിയിൽ മഹാറാണി ലക്ഷ്മി ബായ് മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ നവജാത ശിശുക്കൾ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. നിരപരാധികളായ കുഞ്ഞുങ്ങളുടെ ജീവൻ പൊലിഞ്ഞ സംഭവം ഹൃദയഭേദകമാണെന്നും ചികിത്സയിലുള്ള കുഞ്ഞുങ്ങൾ വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ഈ വേദന താങ്ങാനുള്ള ശക്തി അവരുടെ കുടുംബത്തിന് നൽകട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്‌ട്രപതി ദ്രൗപദി മുർമുവും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അനുശോചനം രേഖപ്പെടുത്തി. നവജാത ശിശുക്കൾ മരിച്ച സംഭവം അങ്ങേയറ്റം ഹൃദയഭേദകമാണെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു എക്സിൽ കുറിച്ചു. ഇത്രയും വലിയ ദുരന്തം താങ്ങാനുള്ള കരുത്ത്, മരിച്ച കുഞ്ഞുങ്ങളുടെ ഉറ്റവർക്ക് ദൈവം നൽകട്ടെയെന്നും പരിക്കേറ്റ കുഞ്ഞുങ്ങൾ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നുവെന്നും രാഷ്‌ട്രപതി വ്യക്തമാക്കി.
ഝാൻസി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പത്ത് കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടപ്പെട്ട വാർത്ത അങ്ങേയറ്റം ദുഃഖകരവും ഹൃദയഭേദകവുമാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ ജില്ലാ ഭരണകൂടത്തിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. ആരോഗ്യവകുപ്പും പ്രത്യേക അന്വേഷണം നടത്തും. പരിക്കേറ്റ കുഞ്ഞുങ്ങൾക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്ന് ആശുപത്രി അധികൃതർക്ക് മുഖ്യമന്ത്രി നിർദേശം നൽകി.
നവജാത ശിശുക്കളുടെ തീവ്ര പരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. 16 കുഞ്ഞുങ്ങൾ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.