ചെന്നൈ: ശിവകാർത്തികേയൻ നായകനായ ചിത്രം അമരൻ പ്രദർശിപ്പിക്കുന്ന തിയേറ്ററിലേക്ക് പെട്രോൾ ബോംബെറിഞ്ഞു. സിനിമ പ്രദർശിപ്പിച്ചിരുന്ന തിരുനെൽവേലിയിലെ അലങ്കാർ തിയേറ്ററിന് നേരെയാണ് അക്രമികൾ ബോംബെറിഞ്ഞത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബൈക്കിലെത്തിയ സംഘം തിയേറ്ററിന് നേരെ മൂന്ന് കുപ്പി പെട്രോൾ ബോംബെറിയുകയായിരുന്നു. പുലർച്ചെയായിരുന്നു സംഭവം.
കഴിഞ്ഞ ദിവസം അമരൻ പ്രദർശിപ്പിക്കുന്നതിനെതിരെ പ്രദേശത്ത് എസ്ഡിപിഐ പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. തിയേറ്ററിന് നേരെ ബോംബെറിഞ്ഞതിൽ എസ്ഡിപിഐ പ്രവർത്തകർക്ക് പങ്കുണ്ടെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. അക്രമത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. തിയേറ്ററിന് നേരെ ബോംബെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മേജർ മുകുന്ദ് വരദരാജന്റെ ജീവിതകഥയെ ആസ്പദമാക്കി രാജ്കുമാർ പെരിയസാമി ഒരുക്കിയ അമരൻ 200 കോടി കടന്ന് ബോക്സോഫീസിൽ കുതിക്കുകയാണ്. അമരനിൽ കശ്മീർ സ്വദേശികളെ മോശമായി ചിത്രീകരിക്കുകയാണെന്ന തരത്തിൽ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് എസ്ഡിപിഐ ഉൾപ്പെടെയുള്ള ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരെ രംഗത്തെത്തിയത്. ഇതിന്റെ ഭാഗമാണ് ബോംബേറ് എന്നാണ് നിഗമനം.















