മുംബൈ: ഐപിഎൽ മെഗാ ലേലത്തിന്റെ ചുരുക്ക പട്ടിക പ്രഖ്യാപിച്ചു. രജിസ്റ്റർ ചെയ്ത 1,574 താരങ്ങളിൽ ആയിരം പേരെ ഒഴിവാക്കിയാണ് ചുരുക്ക പട്ടിക തയാറാക്കിയത്. 366 ഇന്ത്യക്കാരും 208 വിദേശികളും ഉൾപ്പെടുന്നതാണ് അന്തിമ പട്ടിക. 24, 25 തീയതികളില്‍ സൗദി അറേബ്യയിലെ ജിദ്ദയിൽ നടക്കുന്ന താരലേലത്തിൽ അടിസ്ഥാന വില രണ്ടുകോടിയുള്ള 81 പേരും 1.5 കോടി വിലയുള്ള 27 പേരുടെ മറ്റാെരു പട്ടികയുമുണ്ട്. 2 കോടിയിൽ അർഷദീപ്,ശ്രേയസ്, പന്ത്, ആവേഷ് ഖാൻ, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചഹൽ,ജോസ് ബട്ലർ, കഗീസോ റബാദ എന്നിവരാണ്. 1.25 കോടിയുള്ള 18 പേരും ഒരു കോടി അടിസ്ഥാന വിലയുള്ള 23 താരങ്ങളും പട്ടികയിലുണ്ട്. ടീമുകൾ ഇതുവരെ 46 പേരെയാണ് നിലനിർത്തിയിട്ടുള്ളത്.
ഇന്ത്യൻ അണ്ടർ 19 താരം 13 വയസുകാരന്‍ വൈഭവ് സൂര്യവന്‍ഷിയാണ് പട്ടികയിലുള്ള ഏറ്റവും പ്രായം കുറഞ്ഞയാൾ. 30 ലക്ഷമാണ് അടിസ്ഥാന വില. 42-കാരനായ ഇംഗ്ലണ്ട് താരം ജെയിംസ് ആൻഡേഴ്സൺ ആണ് ലിസ്റ്റിലെ തലമുതിർന്നയാൾ. ജോഫ്ര ആർച്ചറിന്റെ അസാന്നിദ്ധ്യമാണ് ശ്രദ്ധേയമായ കാര്യം. ആർ.സി.ബി താരമായിരുന്നു കാമറൂൺ ഗ്രീനും ലേലത്തിനില്ല. പരിക്കിനെ തുടർന്ന് ശസത്രക്രിയക്ക് വിധേയനായ താരം ആറുമാസത്തോളം പുറത്തിരിക്കേണ്ടി വരും. ഇതാണ് ഓസ്ട്രേലിയനെ പരിഗണിക്കാതിരുന്നത്. അണ്ടർ 19 മുൻ ഇന്ത്യൻ നായകൻ ഉന്മുക്ത് ചന്ദും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് 12.30 നാണ് താര ലേലം ആരംഭിക്കുക.















