രഞ്ജി ട്രോഫിയിൽ ഹരിയാനയ്‌ക്കെതിരെ കേരളത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡ്. നിലവിൽ 252 റൺസിന്റെ ലീഡാണ് കേരളത്തിനുള്ളത്. ഏഴിന് 139 എന്ന നിലയിൽ ഇന്ന് ബാറ്റിംഗ് ആരംഭിച്ച ഹരിയാന 164 റണ്‍സിന് പുറത്തായി. 29 റണ്‍സുമായി ചെറുത്ത് നിന്ന നിഷാന്ത് സന്ധുവിനെ പുറത്താക്കി ബേസില്‍ തമ്പിയാണ് ഹരിയാനയുടെ പ്രതീക്ഷകൾ അവസാനിപ്പിച്ചത്. കേരളം ആദ്യ ഇന്നിംഗ്സിൽ 291 റൺസ് നേടിയിരുന്നു.
അന്‍ഷുല്‍ കാംബോജും ജെ.ജെ യാദവും ചേര്‍ന്നാണ് ഹരിയാനയെ 150 കടത്തിയത്. കാംബോജിനെ എന്‍.പി ബേസില്‍ ബേസില്‍ തമ്പിയുടെ കൈകളിലെത്തിച്ചു. പിന്നാലെ യാദവിനെ(12) എന്‍.പി ബേസില്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഹരിയാനയുടെ ഇന്നിംഗ്സ് അവസാനിച്ചു.
എം ഡി നിധീഷും ബേസില്‍ തമ്പിയും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോള്‍ എന്‍ പി ബേസില്‍ രണ്ട് വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗിൽ 62 റൺസുമായു രോഹൻ കുന്നുമ്മലും 16 റൺസുമായി മുഹമ്മദ് അസറുദ്ദീനുമാണ് ക്രീസിൽ.
42 റൺസെടുത്ത സച്ചിൻ ബേബിയുടെയും 2 റൺസെടുത്ത അക്ഷയ് ചന്ദ്രന്റെയും വിക്കറ്റുകളാണ് നഷ്ടമായത്. 31 ഓവറിൽ 125 ന് 2 എന്ന നിലയിലാണ്. അവസാന ദിനമായ ഇന്ന് ഒരു ഫലമുണ്ടായില്ലെങ്കിലും ഒന്നാം ഇന്നിംഗ്സിലെ ലീഡ് കേരളത്തിന് ഗുണം ചെയ്യും. വെളിച്ചക്കുറവും കാലാവസ്ഥ പ്രശ്നങ്ങളും കാരണം കുറെയധികം ഓവറുകളും സമയവും നഷ്ടമായിരുന്നു.















