കോഴിക്കോട്: ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ മണിക്കൂറുകളായി സംഘർഷം. കോൺഗ്രസ് അനുകൂല പാനലും സിപിഎം പിന്തുണയ്‌ക്കുന്ന കോൺഗ്രസ് വിമത പാനലുമാണ് ഏറ്റുമുട്ടിയത്. പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിവീശി. വോട്ട് ചെയ്യാനെത്തിയ സ്ത്രീകൾ ഉൾപ്പടെയുള്ളവർ അതിക്രമത്തിനിരയായി. വോട്ടർമാരെ എത്തിക്കുന്ന വാഹനങ്ങൾക്ക് നേരെ കല്ലെറിഞ്ഞു.
പറയഞ്ചേരി സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കള്ളവോട്ട് ആരോപിച്ചാണ് കോൺഗ്രസും വിമത പക്ഷവും ഏറ്റുമുട്ടുന്നത്. കള്ളവോട്ടിന് പിന്നിൽ നിലവിലെ ഭരണസമിതിയാണെന്നാണ് ആരോപണം. പരസ്പരം കൂകി വിളിച്ചും മുദ്രാവാക്യം വിളിച്ചുമാണ് പ്രവർത്തകർ പ്രതിഷേധിക്കുന്നത്. പൊലീസിന്റെ സംരക്ഷണത്തിലാണ് മെമ്പർമാർ വോട്ട് ചെയ്യുന്നത്. പുലർച്ചെ ആറ് മുതൽ വോട്ടെടുപ്പിന് വേണ്ടി ആളുകൾ ബാങ്കിലെത്തിയിരുന്നു. സംഘർഷം തുടങ്ങിയ ആദ്യഘട്ടത്തിൽ പൊലീസ് കാഴ്ചക്കാരായി നിൽക്കുകയാണെന്ന ആക്ഷേപം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ഇടപെട്ടത്.
പതിറ്റാണ്ടുകളായി കോൺഗ്രസ് ഭരിക്കുന്ന ബാങ്കാണിത്. എന്നാൽ ഭരണസമിതിയും പാർട്ടിയും കുറച്ചായി രണ്ട് തട്ടിലാണ്. ഭരണസമിതിയിലുണ്ടായിരുന്ന ഒരുവിഭാഗം നേതൃത്വവുമായി ഇടഞ്ഞതോടെയാണ് കളം മാറിയത്. ഈ വിമതരെ പിന്തുണച്ച് സിപിഎം പ്രവർത്തകർ എത്തിയതോടെ പൊതുതെരഞ്ഞെടുപ്പിന് സമാനമായ വാശിയോടെയാണ് ബാങ്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്.
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വിമർക്കെതിരെ ഭീഷണിയുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ രംഗത്ത് വന്നതും ചർച്ചയായിരുന്നു. കോൺഗ്രസ് പരാജയപ്പെട്ടാൽ പ്രദേശത്ത് ജീവിക്കാൻ അനുവദിക്കില്ലെന്നും തടി വേണോ ജീവൻ വോണോയെന്ന് ഓർക്കണമെന്നായിരുന്നു സുധാകരന്റെ ഭീഷണി. ഇതൊന്നും വകവയ്‌ക്കാതെയാണ് വിമതർ മത്സരംഗത്തുള്ളത്.















