മുംബൈ: മഹാരാഷ്ട്ട്രയിലെ ജനങ്ങൾ മഹായുതി സർക്കാരിനൊപ്പമാണെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അടുത്ത അഞ്ച് വർഷത്തേക്ക് മഹായുതി സർക്കാർ അധികാരത്തിലേറണമെന്നാണ് ജനങ്ങളുടെ ആഗ്രഹമെന്നും പ്രധാനമന്ത്രി പറഞ്ഞു. മഹാരാഷ്‌ട്രയിൽ പൊതുറാലിയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി മഹായുതി സർക്കാരിന്റെ വികസന നേട്ടങ്ങളും ചൂണ്ടിക്കാട്ടി.
” മഹാ വികാസ് അഘാഡിയെ പോലെ സ്വാർത്ഥ ലാഭത്തോടെ പ്രവർത്തിക്കുന്നവരല്ല മഹായുതിയുടെ പ്രവർത്തകർ. ബിജെപിയും മഹായുതിയും രാജ്യത്തിന്റെ നന്മയ്‌ക്കായി പ്രവർത്തിക്കുന്നവരാണ്. മഹാ വികാസ് അഘാഡി ഭരിച്ചിരുന്ന കാലത്ത് എന്ത് വികസന നേട്ടമാണ് മഹാരാഷ്‌ട്ര കൈവരിച്ചത്?
മഹായുതി സർക്കാരാവട്ടെ മഹരാഷ്‌ട്രയുടെ ഓരോ കോണും ശാക്തീകരിക്കാനായി പ്രവർത്തിക്കുന്നു. മഹായുതി സർക്കാരിന്റെ 2.5 വർഷക്കാലത്തെ ഭരണത്തിൽ ജനങ്ങൾ തൃപ്തരാണ്. വരുന്ന 5 വർഷവും മഹായുതി സർക്കാർ ഭരിക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു.”- പ്രധാനമന്ത്രി പറഞ്ഞു.
സംസ്ഥാനത്തുടനീളം മഹായുതിയുടെ പ്രവർത്തകർ മികച്ച പ്രകടനമാണ് കാഴ്ചവയ്‌ക്കുന്നത്. ബിജെപിയുടെ നേതാക്കളും പ്രവർത്തകരും അവർക്കൊപ്പമാണ്. രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി ജനപങ്കാളിത്തം ആവശ്യമാണെന്നും ജനങ്ങളുടെ ശക്തി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കാണിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. നവംബർ 20 നാണ് മഹാരാഷ്‌ട്ര നിയമസഭയിലേക്കുള്ള വോട്ടെടുപ്പ്. നവംബർ 23ന് വോട്ടെണ്ണലും നടക്കും.















