തിരുവനന്തപുരം: കോൺഗ്രസിലേക്ക് ചേക്കേറിയ സന്ദീപ് വാര്യർക്കെതിരെ തുറന്നടിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. പദവി കിട്ടാത്തതിന്റെ പേരിൽ ബിജെപിയോട് പിണങ്ങി കോൺഗ്രസിൽ ചേരുന്ന ആദ്യത്തെ രാഷ്‌ട്രീയക്കാരനായിരിക്കും സന്ദീപെന്ന് അദ്ദേഹം പറഞ്ഞു. എല്ലാം നഷ്ടപ്പെടുമെന്ന് സ്വയം നിശ്ചയിച്ച് ഇറങ്ങി തിരിച്ചവരുടെ സംഘടനയാണ് സംഘപരിവാർ. അവിടെ സ്ഥാനമാനങ്ങൾക്ക് സ്ഥാനമില്ലെന്നും ഗോപാലകൃഷ്ണൻ വ്യക്തമാക്കി.
” രാഷ്‌ട്രീയത്തിൽ എല്ലാതര തൊരപ്പൻ പണിയും അറിയുന്ന ആളാണ് സന്ദീപ് വാര്യർ. അദ്ദേഹത്തിന് ചെറിയ കസേരകൾ ഒന്നും മതിയാവില്ല. വി ഡി സതീശൻ ഇരിക്കുന്ന കസേരയെങ്കിലും അദ്ദേഹം ആവശ്യപ്പെടും. സരിന്റെ ഒറ്റപ്പാലത്തെ കസേര കണ്ടാണ് സന്ദീപ് ഇപ്പോൾ കോൺഗ്രസിലേക്ക് ചേക്കേറിയത്.
സൈനികരോട് കാണിച്ച നന്ദികേടിനെതിരെ കോൺഗ്രസിനോട് പടപൊരുതിയ സൈനികന്റെ മകനാണ് താനെന്നായിരുന്നു സന്ദീപ് ഇത്രയും കാലം പറഞ്ഞിരുന്നത്. സ്ഥാനമാനങ്ങൾക്ക് വേണ്ടി പിതാവിനേയും ആർഎസ്എസ് പ്രവർത്തകനായ അമ്മാവനെയും സന്ദീപ് മറന്നുപോയി. ബിജെപിയിൽ നിന്നും സന്ദീപ് പോയത് എന്തുകൊണ്ടും നന്നായി.”- ബി ഗോപാലകൃഷ്ണൻ പറഞ്ഞു.
ബിജെപിക്ക് വേണ്ടി കൊടികെട്ടിയ പാരമ്പര്യം പോലും സന്ദീപിനില്ല. കസേരയ്‌ക്ക് വേണ്ടി കോൺഗ്രസിൽ ചേരുമ്പോൾ കെ മുരളീധരൻ പറഞ്ഞ വാക്കുകൾ ഓർക്കാമായിരുന്നു. കോൺഗ്രസിൽ തന്നെ മൊത്തത്തിൽ പ്രശ്‌നമാണ് പിന്നെ അയാൾ വന്നിട്ടെന്താ കാര്യമെന്നായിരുന്നു മുരളീധരൻ പറഞ്ഞത്.
ആർത്തി കാരണം കോൺഗ്രസിലേക്ക് പോയവരെ ബിജെപിക്ക് ആവശ്യമില്ല. കാരണം ബിജെപിയിൽ നിൽക്കണമെങ്കിൽ സഹനം ആവശ്യമാണ്. മനസിൽ ആദർശമുള്ളവർക്ക് അധികാര മോഹത്താൽ പാർട്ടിയെയും പാർട്ടിക്കായി പ്രവർത്തിക്കുന്നവരെയും വിട്ടു പോകാനാവില്ലെന്നും ബി ഗോപാലകൃഷ്ണൻ വ്യക്തമാക്കി.















