ചില മനുഷ്യരിൽ വിചിത്ര സ്വഭാവമുള്ളതുപോലെ ചില ജന്തുക്കളിലും വിചിത്ര സവിശേഷതകളുണ്ട്. കേട്ടാൽ അന്താളിച്ചുപോകുന്ന സ്വഭാവസവിശേഷതകളാണ് നമുക്ക് ചുറ്റുമുള്ള പല ജന്തുക്കൾക്കുമുള്ളത്. അത്തരത്തിലൊരു ജന്തുവാണ് സ്ലോത്ത് (sloth). ഒരുപക്ഷെ ചിരിക്കാൻ കഴിവുള്ള ഏക മൃഗമായിരിക്കും സ്ലോത്തുകൾ. പേരുപോലെ തന്നെ ഒടുക്കത്തെ ‘സ്ലോ’ ആണ് ഇക്കൂട്ടർ. സ്ലോത്തുകളെക്കുറിച്ച് അധികമാരും കേട്ടിട്ടില്ലാത്ത ചില വസ്തുതകൾ പരിചയപ്പെടാം.
ശരാശരി മനുഷ്യനേക്കാൾ മൂന്നിരട്ടി ശക്തരാണ് സ്ലോത്തുകൾ. പുൾ-അപ് ചെയ്യുന്നതിൽ ലോകചാമ്പ്യന്മാരുമാണ്. ഒരു കൈകൊണ്ട് ശരീരഭാരം മുഴുവൻ മുകളിലേക്ക് ഉയർത്താൻ ഇവയ്‌ക്ക് കഴിയും.
ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് സ്ലോത്തുകൾ കാഷ്ഠിക്കു. അതുകൊണ്ടുതന്നെ ശരീരഭാരത്തിന്റെ മൂന്നിലൊന്ന് തൂക്കമുള്ള കാഷ്ഠമാണ് ഇവ പുറന്തള്ളുക. പൊതുവെ മരത്തിൽ തൂങ്ങിക്കിടക്കാറുള്ള സ്ലോത്തുകൾ മലമൂത്രവിസർജ്ജനത്തിനായി താഴേക്ക് ഇറങ്ങി വരികയും മരത്തിന് ചുവട്ടിൽ ഒരു ചെറിയ കുഴി തയ്യാറാക്കിയതിന് ശേഷം കാര്യം സാധിക്കുന്നതുമാണ് പതിവ്.
വേണ്ടത്ര കാഴ്ചശക്തി ഇവർക്കില്ലെന്നതാണ് മറ്റൊരു പ്രത്യേകത. അതുകൊണ്ടുകൂടിയാണ് ഇത്ര സാവധാനം ഇവ ചലിക്കുന്നതും. റോഡ് മോണോക്രോമസി എന്ന അവസ്ഥയാണ് ഇതിന് കാരണം. സ്ലോത്തുകളുടെ കണ്ണുകളിൽ കാഴ്ചയ്‌ക്ക് വേണ്ട എല്ലാ കോശങ്ങളുമില്ല. അതുകൊണ്ട് വർണാന്ധതയുള്ളവരാണ് സ്ലോത്തുകൾ. മങ്ങിയ വെളിച്ചത്തിൽ മാത്രമേ ഇവർക്ക് മെച്ചപ്പെട്ട കാഴ്ച ലഭിക്കൂ. പട്ടാപ്പകൽ കാര്യമായി ഒന്നുംതന്നെ ഇവർ കാണാനാകില്ല.
പൊതുവെ സ്ലോ ആണെങ്കിലും വെള്ളത്തിലിട്ടാൽ കുറച്ചുകൂടി വേഗത്തിൽ സഞ്ചരിക്കാൻ സ്ലോത്തുകൾക്ക് കഴിയും. കിടിലനായി നീന്താനുള്ള കഴിവ് ഇവയ്‌ക്കുണ്ട്.
മറ്റ് സസ്തനികളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കുറവ് മെറ്റബോളിസം സ്ലോത്തുകൾക്കാണ്. ഇവ എന്തെങ്കിലും കഴിച്ചാൽ കുറേകാലമെടുത്താണ് അതൊന്ന് ദഹിച്ചുകിട്ടുക. ഒരു ഇല തിന്നാൽ പോലും ദഹിക്കാൻ ആഴ്ചകളെടുത്തേക്കും.
മരത്തിൽ തൂങ്ങികിടക്കാറുള്ള സ്ലോത്തുകൾ ചിലപ്പോഴൊക്കെ നിലത്തേക്ക് മൂക്കുംകുത്തി വീഴാറുണ്ട്. എന്നാലും പരിക്കേൽക്കാറില്ല. കാരണം 100 അടിയോളം താഴ്ചയിലേക്ക് വീണാലും ഇവയുടെ എല്ലൊടിയില്ല, പരിക്കും പറ്റില്ല. വീഴ്ചകളെ അതിജീവിക്കാൻ ഉതകുന്ന ശരീരമാണ് ഇവയുടേത്. മരത്തിൽ തൂങ്ങിയുള്ള കിടത്തവും നിരന്തരമായ വീഴ്ചകളുമാണ് ഇവയുടെ ശരീരത്തെ ഇപ്രകാരമാക്കി മാറ്റിയത്.