പാലക്കാട്: എല്ലാ സന്നാഹങ്ങളും ഉണ്ടായിട്ടും കൗരവപ്പടയ്‌ക്ക് ജയിക്കാൻ കഴിഞ്ഞിട്ടില്ല. പാലക്കാട് പാണ്ഡവപക്ഷം തന്നെ വിജയിക്കുമെന്നും സി കൃഷ്ണകുമാർ തേര് തെളിക്കുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പാലക്കാട് വലിയങ്ങാടിയിൽ ബി.എം.എസ് പ്രവർത്തകർക്കും എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനുമൊപ്പം വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടഭ്യർത്ഥിക്കുന്നതിനിടെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ സുരേന്ദ്രൻ.
ആകാശത്ത് പറന്നു നടക്കുന്ന അപ്പൂപ്പൻതാടികളിലല്ല ഭൂമിയിൽ കാലുറപ്പിച്ച് നിൽക്കുന്ന പതിനായിരക്കണക്കിന് പ്രവർത്തകരിലാണ് സംഘപരിവാർ പ്രവർത്തകരുടെ ശക്തിയെന്ന് കെ സുരേന്ദ്രൻ ഓർമ്മിപ്പിച്ചു. സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് ചേക്കേറിയതുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എസ്ഡിപിഐയെയും പിഎഫ്‌ഐയെയും കൂട്ടുപിടിച്ച് ശിഖണ്ഡികളെ മുന്നിൽ നിർത്തി ഈ തെരഞ്ഞെടുപ്പ് ജയിക്കാമെന്നത് വിഡി സതീശന്റെ വ്യാമോഹം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെ കൃഷ്ണകുമാർ തന്നെ തേര് തെളിക്കും. 23 ാം തീയതി നമുക്ക് കാണാമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
വീരബലിദാനികളുടെ പാരമ്പര്യമുളള പാലക്കാട് സംഘപരിവാറിന്റെ ശക്തി എത്രയുണ്ടെന്ന് കാണാം. ബലിദാനികളെ അപമാനിച്ചവർക്കൊന്നും പാലക്കാട് വോട്ട് ലഭിക്കില്ല. വിഡി സതീശൻ ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്‌ക്കേണ്ടി വരും.
സന്ദീപ് വാര്യരെ നേരത്തെ പുറത്താക്കിയത് എന്തിനാണെന്ന് മാദ്ധ്യമങ്ങൾ അന്വേഷിക്കൂവെന്ന് ആയിരുന്നു കെ സുരേന്ദ്രന്റെ മറുപടി. മാന്യത വിട്ട് ഒരു പ്രതികരണവും നടത്താൻ ഞങ്ങളില്ല. പോപ്പുലർ ഫ്രണ്ട് ബന്ധത്തിന്റെ പേരിലാണോ ബിജെപി നടപടിയെടുത്തത് എന്ന ചോദ്യത്തിന് അതൊന്നും പൊതുസമൂഹത്തിന് മുൻപിൽ പറയാൻ കഴിയാത്ത കാര്യങ്ങളായതുകൊണ്ട് പറയുന്നില്ലെന്നും മാന്യമായ കാരണങ്ങളല്ലേ പുറത്തുപറയാൻ കഴിയൂവെന്നും കെ സുരേന്ദ്രൻ പറഞ്ഞു.