ദീർഘ ദൂര യാത്രകൾക്കായി പൊതുവെ ട്രെയിനുകൾ നാം തെരഞ്ഞെടുക്കാറുണ്ട്. സൈഡ് സീറ്റിൽ ഇരുന്ന് ചൂടു ചായയും കുടിച്ച് കാഴ്ചകൾ കണ്ട് യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മിൽ ബഹുഭൂരിപക്ഷവും. എന്നാൽ പലർക്കും ട്രെയിനുകൾ യാത്ര ചെയ്യാനുള്ള മാർഗം മാത്രമല്ല, ജീവിതത്തിലെ സാഹസികതയുടെ ഭാഗം കൂടിയാണ്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
മുംബൈയിൽ നിന്നും ഗുവാഹത്തിയിലേക്കുള്ള ട്രെയിനിലാണ് കല്യാണ ചെക്കൻ ഉൾപ്പെടെ 35 പേർ കയറിയത്. വരനായ ചന്ദ്രശേഖർ വാഗയും ബന്ധുക്കളും യാത്ര ചെയ്യുന്നതിനിടെ ട്രെയിൻ പിടിച്ചിടേണ്ടി വന്നു. നാല് മണിക്കൂറോളം വൈകിയതിനാൽ മുഹൂർത്തത്തിന് സമയത്തിന് എത്താനാകില്ലെന്ന ആശങ്ക പരന്നു. വിവാഹം മുടങ്ങുമെന്ന് മനസിലാക്കിയതോടെ ചന്ദ്രശേഖർ സമയോചിതമായ ഇടപെടൽ നടത്തുകയായിരുന്നു.
തന്റെ പ്രതിസന്ധിയെ കുറിച്ച് ചന്ദ്രശേഖർ, കേന്ദ്ര റെയിൽവേ മന്ത്രിയായ അശ്വിനി വൈഷ്ണവിനെ ടാഗ് ചെയ്ത് കൊണ്ട് എക്‌സിൽ കുറിച്ചു. ട്രെയിൻ വൈകുന്നത് കണക്ടിംഗ് ട്രെയിനായ സറായിഘാട്ട് എക്‌സ്പ്രസ് ട്രെയിൻ കിട്ടാതിരിക്കാൻ കാരണമാകുമെന്നും ഇത് തന്റെ വിവാഹ മൂഹൂർത്തം തെറ്റിക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ട്വീറ്റ്. പ്രായമായവർ ഉൾപ്പെടെ തനിക്കൊപ്പം ട്രെയിനിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Sri Chadrasekhar Wagh expressed his thanks to Railways for helping their marriage party of 35 persons to board the Saraighat Express from Howrah, as they were about to miss the train. IR made all arrangement so that they can board 12345 Up from Howrah stn.https://t.co/oac63cUxCX
— Eastern Railway (@EasternRailway) November 15, 2024
ചന്ദ്രശേഖറിന്റെ പരിശ്രമം ഒടുവിൽ വിജയം കണ്ടു. പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതോടെ ചന്ദ്രശേഖറും കുടുംബവും സഞ്ചരിച്ചിരുന്ന ഗീതാഞ്ജലി എക്‌സ്പ്രസ് കൃത്യസമയത്ത് കൊൽക്കത്തയിലെ ഹൗറ സ്റ്റേഷനിലെത്തിക്കാൻ റെയിൽവേ അധികൃതർ നടപടി സ്വീകരിക്കുകയായിരുന്നു. ഹൗറ സ്റ്റേഷനിലെത്തിയ ചന്ദ്രശേഖറിനെയും കുടുംബത്തെയും സഹായിക്കാൻ റെയിൽവേ ജീവനക്കാരുമെത്തി. ഹൗറ സ്റ്റേഷനിൽ നിന്നും പുറപ്പെടാൻ നിൽക്കുന്ന സറായിഘാട്ട് എക്‌സ്പ്രസിലേക്ക് ചന്ദ്രശേഖറിനെയും കുടുംബത്തെയും അവർ സുരക്ഷിതമായി കയറ്റിവിട്ടു.
തന്റെ പ്രശ്‌നത്തിന് പരിഹാരം കണ്ട റെയിൽവേ അധികൃതർക്ക് നന്ദി അറിയിക്കാനും യുവാവ് മറന്നില്ല. മുഹൂർത്തം തെറ്റാതെ തന്നെ സുരക്ഷിതമായി എത്തിച്ചെന്നും റെയിൽവേ മന്ത്രിക്ക് നന്ദിയുണ്ടെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. യാത്രക്കാർക്ക് എപ്പോഴും സേവനം നൽകാൻ തങ്ങൾ പ്രതിബദ്ധരാണെന്നും റെയിൽവേ അധികൃതരും മറുപടി നൽകി.















