എറണാകുളം: കുറുവ സംഘത്തിൽപ്പെട്ട പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. തമിഴ്‌നാട് സ്വദേശിയായ സന്തോഷ് ആണ് രക്ഷപ്പെട്ടത്. എറണാകുളം കുണ്ടന്നൂർ ഭാഗത്ത് നിന്നും പിടികൂടിയ പ്രതിയെ ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാൻ കൊണ്ടു പോകുന്നതിനിടെ ജീപ്പിൽ നിന്നും ചാടിപ്പോകുകയായിരുന്നു.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള കുറുവ സംഘമാണ് ഇയാളെ രക്ഷപ്പെടുത്തിയത്. ഇയാളുടെ കയ്യിൽ കൈവിലങ്ങുണ്ടായിരുന്നുവെന്നും രക്ഷപ്പെടുന്ന സമയത്ത് പൂർണ നഗ്നനായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഡിഐജിയുടെ നേതൃത്വത്തിൽ കുണ്ടന്നൂരിൽ പ്രതിക്കായുള്ള തെരച്ചിൽ നടത്തി വരികയാണ്.
എറണാകുളത്തും, ആലപ്പുഴയിലുമായി ഒട്ടേറെ മോഷണങ്ങളാണ് കുറുവ സംഘം നടത്തിയിട്ടുള്ളത്. സംഘത്തിൽ മലയാളികൾ ഉൾപ്പെട്ടിട്ടില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ശരീരത്തിൽ എണ്ണമയമുള്ള വസ്തുക്കൾ തേച്ച് അർദ്ധനഗ്നരായി എത്തിയാണ് ഇവർ വീടുകളിൽ കവർച്ച നടത്തുന്നത്. കുറുവ സംഘം ആലപ്പുഴയിൽ വിവിധയിടങ്ങളിലായി രാത്രികാലങ്ങളിൽ കറങ്ങി നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
സാധാരണക്കാരുടെ വീടുകളാണ് ഇവർ പൊതുവെ ലക്ഷ്യം വയ്‌ക്കുന്നത്. വീടിന്റെ പിന്നാമ്പുറത്തെ അടച്ചുറപ്പില്ലാത്ത വാതിലുകൾ പൊളിച്ച് അകത്ത് കയറി മോഷ്ടിക്കുന്നതാണ് സംഘത്തിന്റെ പതിവ് രീതി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്നും പൊലീസ് വ്യക്തമാക്കി.















